ലോക കേരള സഭയുടെ പ്രതിപക്ഷ ബഹിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് പ്രവാസി പ്രതിനിധികൾ. ലോക കേരള സഭ സംഘടിപ്പിച്ച സർക്കാരിനെ അഭിനന്ദിച്ച് ലീഗിന്റെ പ്രവാസി സംഘടനാ നേതാക്കളും രംഗത്തെത്തി. ലോക കേരള സഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണത്തെ ലുലുഗ്രൂപ് ചെയർമാൻ എം.എ യൂസഫലിയും രൂക്ഷമായി വിമർശിച്ചു. ലോക കേരള സഭ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിന് പ്രവാസി പ്രതിനിധികളിൽ നിന്നും വിമർശനമേൽക്കേണ്ടി വന്നത്. മുസ്ലിം ലീഗിൻ്റെ പ്രവാസി സംഘടനയായ കെ.എം.സി.സി പ്രതിനിധി ലോക കേരള സഭയിൽ പങ്കെടുത്തു. മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗം കൂടിയായ കെ.എം.സി.സി നേതാവ് കെ.പി മുഹമ്മദ് കുട്ടിയാണ് പങ്കെടുക്കുന്നത്. തനിക്ക് പങ്കെടുക്കാൻ പാർട്ടി അനുമതി നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്ന സർക്കാരിനെ അദ്ദേഹം പ്രശംസിച്ചു. പ്രവാസികള്‍ക്ക് ഉറങ്ങാൻ സ്ഥലവും ഭക്ഷണവും നൽകരുതെന്നാണ് വിമർശനം. താൻ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പങ്കെടുക്കുന്നത്. ഇനിയുള്ള സമ്മേളനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപത്തെ പ്രമുഖ വ്യവസായി എം.എ യൂസഫലിയും വിമർശിച്ചു. ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തത്. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി പറഞ്ഞു. പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? ധൂർത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. കെ.എം.സി.സി നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കൾ ഇല്ല, അണികൾ ഇല്ലെങ്കിൽ പിന്നെന്ത് നേതാക്കൾ എന്നും യൂസഫലി ചോദിച്ചു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ലോക കേരള സഭ ബഹിഷ്കരണം വ്യക്തിപരമായി എടുത്ത തീരുമാനം അല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാവരും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണ്. പ്രവാസികളെ അവഹേളിക്കുന്ന തീരുമാനം ഒന്നുമല്ല പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം.100ൽ അധികം പ്രവർത്തകർ ആശുപത്രിയിലാണ്. അത്തരം സാഹചര്യത്തില്‍ അവിടെ പോയിരിക്കാൻ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ്. ലോക കേരള സഭയിൽ ധൂർത്ത് ഉണ്ട്. കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടുന്നു. ഈ സമയത്ത് മുഖ്യമന്ത്രിക്ക് ഒപ്പം പോയിരിക്കാൻ മാത്രം വിശാലമല്ല തന്റെ മനസ്സെന്നും വിഡി സതീശന് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി.രാജീവ് വായിച്ചു.
പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിട്ടത്. ദീർഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത്. പുതിയ കർമ്മ പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.
സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്.17 ലക്ഷം പ്രവാസികൾ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം.