പാർട്ടി മാറുന്നത് ചിന്തിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ തഹ്ലിയ

11

പാർട്ടി മാറുന്നത് ചിന്തിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ തഹ്ലിയ. ‘ മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല എന്നും ഫാത്തിമ തെഹ്ലിയ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പിൽ പറഞ്ഞു. ഫാത്തിമ തെഹ്‌ലിയ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണെന്നും’ ഫാത്തിമ പറഞ്ഞു.

കോഴിക്കേട്ടെ മുൻ എം.എൽ.എയും തിരുവനന്തപുരത്തെ ചില ഡി.വൈ.എഫ്.ഐ നേതാക്കളും ഇതിനുള്ള ചർച്ചകൾ ആരംഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. കാനത്തിൽ ജമീല ജയിച്ചതോടെ ഒഴിഞ്ഞകിടക്കുന്ന നന്മണ്ട ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ ഫാത്തിമയെ മത്സരിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സി.പി.എം നീക്കമെന്നും അഭ്യൂഹമുണ്ടായിരുന്നു.

സംസ്ഥാന കമ്മറ്റിയുടെ ശുപാർശ പ്രകാരം മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്. ഹരിതയെ പിരിച്ചുവിട്ടതും തുടർന്ന് പുതിയ കമ്മറ്റി രൂപീകരിച്ചതും കൂടിയാലോചനകൾ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന.