നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകന് 43 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ

170

നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെ (29) ആണ് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം.പി ഷിബു കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് വിധി പ്രഖ്യാപിച്ചത്. നിർദ്ധന കുടുംബാംഗമായ കുട്ടിയെ ജിതിൻ നിരവധി തവണ ലൈംഗി കചൂഷണം നടത്തിയ സംഭവത്തിൽ 2016 ൽ വടക്കേക്കാട് എസ്.ഐ ആയിരുന്ന പി.കെ മോഹിത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് ചാവക്കാട് സി.ഐമാരായിരുന്ന കെ .ജി സുരേഷ്, എ .ജെ ജോൺസൻ എന്നിവർ കേസ് അന്വേഷണം നടത്തി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു.
വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമായ പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലും നിലവിൽ വിചാരണ നേരിടുന്നുണ്ട്.
പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയി ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ പി.വി അനൂപും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എ.ബി ബിജുവും പ്രർത്തിച്ചിരുന്നു.