വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദര്‍ ജെയിംസ് പനവേലിന് നേരെ ഭീഷണി

41

വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദര്‍ ജെയിംസ് പനവേലിന് നേരെ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികള്‍ വരുന്നതെന്ന് അദ്ദേഹം പറയുന്നു. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദര്‍ ജെയിംസ് പനവേലില്‍. തിരുനാളിനിടെ ‘ഈശോ’ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെതിരെ ഫാദര്‍ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. 

കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേല്‍ വര്‍ഗ്ഗീയത സോഷ്യല്‍ മീഡിയകളില്‍ കണ്ടുതുടങ്ങിയതെന്ന് ഫാദര്‍ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബര്‍ ആക്രമണമാണ് നേരിട്ടതെന്ന് ഫാദര്‍ ജെയിംസ് പറയുന്നു. പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാല്‍ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

ഫെയ്‌സ്ബുക്കിലും മറ്റും ക്രിസ്തീയ സംരക്ഷണത്തിന്റേതെന്ന പേരില്‍ വരുന്ന പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയും മാനവികതയുടെയും യാതൊരംശവുമില്ലെന്നും ഫാദര്‍ ജെയിംസ് വിമര്‍ശിച്ചു. ഇത്തരം കമന്റുകളെ കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു. നിരന്തരമായി ഇത്തരം ഫോണ്‍കോളുകളും വരുന്നതായി ഫാദര്‍ പറയുന്നു. അത്രമാത്രം അസഹിഷ്ണുതയാണ് ഉണ്ടാകുന്നത്. ഒരു പേരിലോ, പോസ്റ്ററിലോ, സിനിമയിലോ കൈമോശം വരേണ്ടതാണോ വിശ്വാസമെന്ന് ഫാദര്‍ ജെയിംസ് ചോദിക്കുന്നു.

വിശ്വാസമെന്നാല്‍ വികാരമല്ലെന്നും ഒരു നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.