പിണറായിക്കെതിരെ മത്സരിക്കാനാവില്ലെന്ന് ജി.ദേവരാജൻ: കോൺഗ്രസ് നീക്കം പൊളിഞ്ഞു; ആളില്ലാതെ യു.ഡി.എഫ്

20

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമം പരാജയപ്പെട്ടു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനാകില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയെ നേരിടുന്നതാരെന്ന കാര്യത്തില്‍ യു.ഡി.എഫില്‍ അനിശ്ചിതത്വം തുടരുകയാണ്.

സി.പി.എം പൊളിറ്റ് ബ്യൂറോ അം​ഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കണമെന്ന് ജി. ദേവരാജനോട് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. ദേശീയതലത്തിൽ സി.പി.എമ്മും ഫോർവേർഡ് ബ്ലോക്കും ഒരേ പാളയത്തിലാണ്. ഈ സാഹചര്യത്തിൽ പിണറായിക്കെതിരെ ദേശീയ സെക്രട്ടറി മത്സരിക്കുന്നത് ഉചിതമാകില്ലെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ നേതൃയോ​ഗം തീരുമാനിച്ചു. ഇക്കാര്യം കോൺ​ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ഫോർവേർഡ് ബ്ലോക്ക് തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം വീണ്ടും ആവശ്യപ്പെട്ടെങ്കിലും ധർമടത്ത് മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയായിരുന്നു. യു.ഡി.എഫിൽ ഒരു സീറ്റ് ഫോർവേർഡ് ബ്ലോക്കിന് എന്നുള്ള സ്ഥിതി നിലനിൽക്കേ ആ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുകയാണെന്ന് ജി.ദേവരാജൻ പറഞ്ഞു.