പൊതുവേദിയിൽ സമസ്ത നേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്നാണ് വിമർശനം. മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവർണർ പറഞ്ഞു. സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര് ആണ് പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയത് . വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.