ഗുരുവായൂരിലെ യുവമോര്‍ച്ച നേതാവ് മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി എൻ.ഡി.എഫ് പ്രവർത്തകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

17

ഗുരുവായൂര്‍ മണ്ഡലം യുവമോര്‍ച്ച സെക്രട്ടറിയും, പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ 32 വയസ്സ് കത്തിയും, വാളും ഉപയോഗിച്ച് വെട്ടിയും, കുത്തിയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനുംതൃശ്ശൂര്‍ 4-ാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. ഭാരതിവിധി പ്രസ്താവിച്ചു. പിഴയടക്കാത്തപക്ഷം 6 മാസം അധികം കഠിനതടവ് അനുഭവിക്കേണ്ടി വരും. എൻ. ഡി. എഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസിലെ 2-ാം പ്രതി ഇപ്പോഴും ഒളിവിലാണ്. 3 മുതല്‍ 9 വരെ പ്രതികളെ വെറുതെ വിട്ടു.

പേരാമംഗലത്ത് നടന്ന ആര്‍.എസ്.എസ് ശിബിരത്തിലേക്ക് അതിക്രമിച്ചു കയറി രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ റജീബ്, ലിറാര്‍ എന്നിവരെ ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച വിരോധം നിമിത്തമാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. എന്‍.ഡി. എഫ് പ്രവര്‍ത്തകരായ 1.കടിക്കാട് വില്ലേജ് പനന്തറ ദേശത്ത് വലിയകത്ത് ഖലീല്‍ 39 വയസ്സ്, 2. കടപ്പുറം വില്ലേജ് പുതിയങ്ങാടി ബുക്കാറയില്‍ കീഴ്പാട്ട് വീട്ടില്‍ നസറുള്ള തങ്ങള്‍, 40 വയസ്സ്, 3. പുന്നയൂര്‍‌ക്കുളം പെരിയമ്പലം പാട്ടത്തേയില്‍ ഷമീര്‍, 37 വയസ്സ്, 4. മലപ്പുറം കല്പകഞ്ചേരി തറമേല്‍പുത്തന്‍പടിക്കല്‍ അബ്ദുള്‍ മജീദ്, 46 വയസ്സ്, 5. മലപ്പുറം തിരുനാവായ ഖാദറങ്ങാടി പടിക്കപറമ്പില്‍ ജാഫര്‍ 42 വയസ്സ്, 6. ചാവക്കാട് തിരുവത്ര ചെമ്പന്‍ വീട് റജീബ് 40 വയസ്സ് 7. അണ്ടത്തോട് ബീച്ച് റോഡ് ബീരാന്റകത്ത് വീട്ടില്‍ ലിറാര്‍ 41 വയസ്സ്, 8. മലപ്പുറം പെരുമ്പടപ്പ് പുഴംകണ്ടത്ത് റഫീഖ് 43 വയസ്, 9. പുന്നയൂര്‍ക്കുളം എരിഞ്ഞിക്കല്‍ വീട്ടില്‍ മജീദ് 40 വയസ്സ് എന്നിവരാണ് കേസിലെ പ്രതികള്‍.

2004 ജൂണ്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ പ്രതികളായ ഖലീലും, നസറുള്ളയും മോട്ടോര്‍ സൈക്കിളില്‍ വരികയും, തുടര്‍ന്ന് മണികണ്ഠനെ ഒന്നാം പ്രതി ഖലീല്‍ കത്തി കൊണ്ടു് കുത്തിയും, രണ്ടാം പ്രതി നസറുള്ള വാളു കൊണ്ടും വെട്ടിയും ഗുരുതരമായി പരിക്കേല്പിച്ച് മണികണ്ഠനെ കൊലപ്പെടുത്തുകുയായിരുന്നു. മണികണ്ഠനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന 1-ാം സാക്ഷി പ്രസാദ് തടയാന്‍ ശ്രമിച്ചപ്പോള്‍ 2-ാം പ്രതി വാള്‍ വീശി പ്രസാദിനെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മണികണ്ഠനെ ചാവക്കാട് രാജാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബി. കൃഷ്ണകുമാറാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് സി.ഐ മാരായിരുന്ന ഷാജു പോള്‍, മോഹനചന്ദ്രന്‍ എന്നിവര്‍ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി ഖലീല്‍ 9 കേസുകളില്‍ പ്രതിയാണ്. ഒറ്റപ്പാലം സ്വദേശിയായ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ പ്രണയിക്കുകയും, വിവാഹവാഗ്ദാനം നല്‍കി കൂടെ താമസിപ്പിക്കുകയും ചെയ്യുകയും, പിന്നീട് മതം മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വിവാഹവാഗ്ദാന്തതില്‍ നിന്ന് നിന്ന് പിന്‍മാറുകയും, തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് ഖലീലിനെ പ്രതി ചേര്‍ത്തിരുന്നു.

കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചതാണെങ്കിലും, പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരനായ പിവി. രാജന്‍ എന്നവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തരവാകുകയായിരുന്നു.

കേസിലെ പ്രതികള്‍ക്ക് എന്‍.ഡി.എഫ് പൂര്‍ണ്ണപിന്തുണയും, ധനസഹായവും ലഭിച്ചിട്ടുള്ളതായും സാക്ഷികളെ പ്രതികള്‍ പണം നല്‍കി സ്വാധീനിച്ചതായും, മണികണ്ഠന്‍ കൊല്ലപ്പെടുന്ന സമയം കൂടെ ഉണ്ടായിരുന്ന ഒന്നാം സാക്ഷിയായ പ്രസാദിനെ പ്രതികള്‍ സ്വാധീനിച്ച് ഗള്‍ഫില്‍ കൊണ്ടുപോയതായും നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. ടി സാക്ഷി വിചാരണവേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കൂടാതെ രണ്ടാം സാക്ഷിയും കോടതിയില്‍ മൊഴി മാറ്റിയിരുന്നു. കേസിലെ പല സാക്ഷികളും ഇത്തരത്തില്‍ ഭയപ്പെട്ടും മറ്റും കൂറുമാറാന്‍ ഇടയുണ്ടെന്നതിനാല്‍ കൂടുതല്‍ സാക്ഷികളെ കണ്ടെത്തുന്നതിനായി തുടരന്വേഷമം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കുന്ദംകുളം എ.സി.പി ടി.എസ് സിനോജിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തുകയായിരുന്നു.‌ സംഭവദിവസം നടന്ന കാര്യങ്ങള്‍ കോടതിയില്‍ താന്‍ പറയാമെന്നും, കൂറുമാറിയിട്ടില്ലെന്നും, ഗള്‍ഫില്‍ നിന്നും ലീവ് ലഭിക്കുന്ന നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ വിചാരണ നടക്കുന്ന പക്ഷം തനിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കുമെന്നും സാക്ഷിയായ പ്രസാദ് അന്വേഷണസംഘത്തെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് കേസിലെ ദൃക്സാക്ഷിയായ സാക്ഷിയായ പ്രസാദടക്കം 40 സാക്ഷികളെ വിസ്തരിക്കുകയും, 9 തൊണ്ടി മുതലുകളും, 63 രേഖകളും മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു. ദൃക് സാക്ഷിയടക്കമുള്ള മററു സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു. കേസിലെ 2-ാം പ്രതി നസറുള്ള ഒളിവിലാണ്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ പുന്ന നൗഷാദ് കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. പ്രസ്തുത കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ഈ കേസിന്റെ വിസ്താരം ആരംഭിച്ചത്.

കേസ് വിചാരണക്കിടയില്‍ ദൃക്സാക്ഷിയെ കോടതിമുറിയില്‍ വെച്ച് വെട്ടികൊലപ്പെടുത്തുമെന്ന് പ്രതികളുടെ അനുകൂലികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷ സാദ്ധ്യതയുള്ളതിനാല്‍ സാക്ഷികള്‍ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്‍കുിയതിനെത്തുടര്‍ന്ന് സാക്ഷികള്‍ക്ക് കനത്ത സുരക്ഷ നല്‍കിയാണ് വിചാരണ നടത്തിയത്. വിചാരണ നടക്കുന്ന ദിവസങ്ങളില്‍ കോടതിയില്‍ ആവശ്യമായ പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു.