ബന്ധുനിയമന ലോകായുക്ത ഉത്തരവ്: ഹൈകോടതിയെ സമീപിക്കാൻ മന്ത്രി; അമല ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രി നാളെ വിടുതൽ ആയേക്കും

37

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അടിയന്തര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.

അതേ സമയം നിയമപരമായും ധാര്‍മികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്. വെറുതേയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാനും പരിമിതികളുണ്ട്. 13നേ ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ. ഇതോടെയാണ് ഹര്‍ജി അവധിക്കാല ബെഞ്ചിന് മുമ്പാകെ എത്തിക്കാനുള്ള നീക്കം നടത്തുന്നത്.

അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുനിയമനത്തിൽ കുറ്റക്കാരനാണെന്ന് ലോകായുക്തയുടെ വിധി വിവരം മന്ത്രി കെ.ടി.ജലീൽ അറിഞ്ഞത് അമല ആശുപത്രിയിൽ ചികിൽസയിലിരിക്കെ. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ കഴിഞ്ഞത്. വെള്ളിയാഴ്ചയാണ് മുറിയിലേക്ക് മാറ്റിയത്. അടുത്ത ദിവസം ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സന്ദർശകർക്ക് അനുമതിയില്ല.