തൃശൂർ ഡി.സി.സി പ്രസിഡണ്ടായി ജോസ് വളളൂർ ചുമതലയേറ്റു: കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരന്‍റെയെന്ന് ആവർത്തിച്ച് വി.ഡി സതീശന്‍; ചവിട്ടേറ്റ് കിടക്കുന്ന ഒരുപാട് പേരുണ്ട് പാർട്ടിയിലെന്ന് ഉമ്മൻ‌ചാണ്ടിയുടെയും ചെന്നിത്തലയുടെയും വിമർശനങ്ങൾക്ക് പരോക്ഷ മറുപടി; ബെന്നി ബെഹ്‌നാനും രമ്യ ഹരിദാസും പങ്കെടുത്തില്ല, വേദിയിൽ കയറാതെ ‘എ’ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ, കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആൾക്കൂട്ടം

87

തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസ് വളളൂർ ചുമതലയേറ്റു. ഡി.സി.സി ഓഫീസിൽ നടന്ന ചുമതലയേൽക്കൽ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലെ അവസാന വാക്ക് കെ സുധാകരന്‍റേതെന്ന് വി.ഡി സതീശന്‍ ആവർത്തിച്ചു. ഒരു പ്രവര്‍ത്തകനേയും മാറ്റി നിര്‍ത്തില്ല. ഉമ്മന്‍ ചാണ്ടിയേയും  ചെന്നിത്തലയേയും പോലെയുള്ള   ഒരു നേതാവിനേയും മാറ്റി നിര്‍ത്തില്ല. അവര്‍ ഉള്ളകാലം അവരേയും ചേര്‍ത്ത് നിര്‍ത്തും. സംഘടന പ്രവർത്തന ശൈലിയിൽ മാറ്റം വേണം. ആ മാറ്റത്തിന് വേണ്ടിയുള്ള തുടക്കമാണിത്. ചവിട്ടേറ്റ് കിടക്കുന്ന ഒരുപാട് പേരുണ്ട് പാര്‍ട്ടിയില്‍.
അത്ര മാത്രമേ പറയുന്നുള്ളുവെന്ന് ഉമ്മൻ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വിമർശനങ്ങൾക്കുള്ള പരോക്ഷ മറുപടിയായി വി.ഡി സതീശന്‍ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന എം.പിമാരായ ബെന്നി ബെഹ്നാനും രമ്യ ഹരിദാസും പങ്കെടുത്തില്ല. എം.പിമാരുടെ അഭിപ്രായങ്ങളിൽ ബെന്നി ബെഹ്‌നാൻ ജോസഫ് ടാജറ്റിന്റെയും രമ്യ ഹരിദാസ് അനിൽ അക്കരയുടെ പെരുമാണ് പറഞ്ഞിരുന്നത്. പരിപാടിയിൽ പങ്കെടുത്തുവെങ്കിലും വേദിയിൽ കയറാതെ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളായ പി.എ. മാധവനും ഓ. അബ്‌ദുറഹ്‌മാൻ കുട്ടിയും വേദിയിൽ കയറാതെ മടങ്ങി. പദ്മജ വേണുഗോപാൽ, ടി.വി ചന്ദ്രമോഹൻ തുടങ്ങി നേതാക്കൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നേതാക്കളും പ്രവർത്തകരും തടിച്ചു കൂടി നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നും വിമർശനമുയർന്നിട്ടുണ്ട്.