കേരളത്തിലേത് അഴിമതി സര്‍ക്കാരെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ: ശബരിമലയിൽ അയ്യപ്പ ഭക്തരെ കോൺഗ്രസ് വഞ്ചിച്ചു; കേരളത്തിൽ ബി.ജെ.പി വൻ വിജയം നേടുമെന്നും നദ്ദ

12

കേരളത്തിലേത് അഴിമതി സര്‍ക്കാരെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ. സ്വർണക്കടത്ത്, സ്പ്രിൻക്ലർ, കെ ഫോൺ എല്ലാം അഴിമതിയാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ പിണറായിയുടെ മുഖച്ഛായ നഷ്ടപ്പെട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിമാർക്കും എതിരെ ആരോപണമുണ്ടായി. കേരളത്തിനാകെ ഇതെല്ലാം നാണക്കേടുണ്ടാക്കിയെന്നും കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ആരോപിച്ചു.തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജെ പി നദ്ദയുടെ കേരള സന്ദർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം നേടാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ കേരളീയർ അംഗീകരിച്ചതിന്‍റെ തെളിവാണിതെന്നും നദ്ദ അവകാശപ്പെട്ടു. കോവിഡ് നേരിടുന്നതിൽ കേരളം പരാജയപ്പെട്ടു. രാജ്യത്തെ പകുതി കേസും ഇപ്പോൾ കേരളത്തിലാണ്. അയ്യപ്പ ഭക്തരെ കോണ്‍ഗ്രസ് വഞ്ചിച്ചു. ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ഇപ്പോഴാണ് കോണ്‍ഗ്രസ് പറയുന്നതെന്നും നദ്ദ പറഞ്ഞു.മിഷന്‍ കേരളയുമാണ് ബിജെപി ദേശീയ നേതൃത്വം നേരിട്ട് കളത്തിലിറങ്ങുന്നത്. തെരഞ്ഞെടുപ്പ് പദ്ധതികളും തന്ത്രങ്ങളും എല്ലാം ആവിഷ്കരിക്കുക ഇനി ദേശീയ നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കണക്കാക്കിയ എ ക്ലാസ് മണ്ഡ‍ലങ്ങളിലെയടക്കം മുന്നൊരുക്കങ്ങള്‍ ജെ.പി നദ്ദ നേരിട്ട് വിലയിരുത്തും. ബിജെപി നേതാക്കള്‍ക്ക് പുറമേ എന്‍ഡിഎ ഘടക കക്ഷികളുമായും ചര്‍ച്ച നടത്തും.തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന നദ്ദ എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. ഇതിനിടയില്‍ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും നടത്തും. നാളെ രാവിലെ നെടുമ്പാശേരിക്ക് പോകുന്ന നദ്ദ വൈകുന്നേരം തൃശൂരില്‍ പൊതുസമ്മേളനത്തിലും പങ്കെടുക്കും.