ജാനുവിന് പണം കൊടുത്തു: കെ.സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ഫോൺ റെക്കോർഡ്സ് പരസ്യപ്പെടുത്തി പ്രസീത അഴീക്കോട്‌

53

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി.കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ്‌ ലഭിച്ചത്. പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു.

ഹൊറൈസൺ ഹോട്ടലിലെ 503 നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്. സി.കെ ജാനുവിനെ എൻ.ഡി.എയിൽ തിരികെയെത്തിക്കാൻ ഇടനിലക്കാരുമായി സംസാരിച്ചിട്ടില്ലെന്ന കെ സുരേന്ദ്രന്റെയും സി.കെ ജാനുവിന്റെയും വാദം പൊളിക്കുന്നതാണ് ഈ ശബ്ദ സംഭാഷണങ്ങൾ.

നേരത്തെ സുരേന്ദ്രൻ ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടുമായി നടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്തായി. ഇരുവരും നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇരുവരും തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവാണ് പ്രസീത നേരത്തെ പുറത്തു വിട്ടത്. പ്രസീത തന്നെ വിളിച്ചിട്ടുണ്ടാകുമെന്നും എന്നാൽ അത് ഓർമ്മയില്ലെന്നുമാണ് സുരേന്ദ്രൻ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ നൂറു കണക്കിന് പേർ വിളിക്കുന്നതിനാൽ യാതൊന്നും ഓർമ്മയില്ലെന്നാണ് സുരേന്ദ്രന്റെ വാദം. സി.കെ ജാനു അവരുടെ ആവശ്യത്തിന് ഞങ്ങളോടാരോടും പണം ചോദിച്ചിട്ടില്ല. ബിജെപിയുടെ ടിക്കറ്റ് ലഭിക്കാൻ പത്ത് കോടി രൂപ ഒരാൾ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. അതും അങ്ങോട്ട് കൊടുക്കാൻ. പത്ത് കോടി ഒറ്റയടിക്ക് പത്ത് ലക്ഷമാകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സി.കെ ജാനുവിനെ പോലുള്ളവരെ ഉപദ്രവിക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ധാരാളം ആരോപണങ്ങൾ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടിട്ടില്ല. സുൽത്താൻ ബത്തേരിയിലെ പാർട്ടി ആവശ്യത്തിനായി നിയമാനുസൃതം പണം നൽകിയതായും സുരേന്ദ്രൻ വിശദീകരിക്കുന്നു. ഇതിനെ പൊളിക്കാനാണ് ജാനുവിനും സുരേന്ദ്രനുമെതിരെ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പ്രസീത പുറത്തു വിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു സി.കെ.ജാനുവിനു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന ട്രഷറർ കൂടിയായ പ്രസീത അഴീക്കോട് ആരോപിച്ചിട്ടുണ്ട്. ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണ് വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിപ്പിക്കുന്നത്. സരിത 2.0 എന്നു വിശേഷിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നും പ്രസീത പറയുന്നു. ഇതിനെതിരെ നിയമവഴി തേടുമെന്നും പ്രസീത പറഞ്ഞു. 10 ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ജാനുവും സുരേന്ദ്രനും തമ്മിൽ നടന്നിട്ടുള്ളത്. ബത്തേരിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൂടുതൽ തുക കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ കൈവശമുണ്ട്. കൂടുതൽ പ്രകോപിപ്പിച്ചാൽ അവയെല്ലാം പുറത്തുവിടേണ്ടിവരുമെന്നും പ്രസീത പറഞ്ഞു. അതേ സമയം സംഭവത്തിൽ ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സി.കെ ജാനു ആരോപിച്ചു.