ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി: മോചനം 96 ദിവസത്തിന് ശേഷം

7

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് മൂന്ന് മാസത്തിന് ശേഷം അദ്ദേഹം മോചിതനാകുന്നത്. ഇതുവരെ 148 കേസുകളില്‍ അറസ്റ്റിലായ ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് മോചിതനായത്.

ആരോടും പരിഭവമില്ലെന്നും തന്നെ കുടുക്കിയവര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു. കേസില്‍ ഗൂഡാലോചനയുണ്ടോ എന്ന ചോദ്യത്തിന് വിശദാംശങ്ങള്‍ ഇപ്പോള്‍ പറയില്ലെന്നും വേണ്ടിവന്നാല്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്തെ ഭൂരിപക്ഷം 89ല്‍ നിന്ന് 7923 എത്തിയപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ഗൂഡാലോചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസില്‍ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി 96 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്.