ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും അംഗത്വവും കൊയിലാണ്ടി നിയുക്ത എം.എൽ.എ കാനത്തിൽ ജമീല രാജി വെച്ചു

31

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും അംഗത്വവും കൊയിലാണ്ടി നിയുക്ത എം.എൽ.എ കാനത്തിൽ ജമീല രാജി വെച്ചു. കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറിയത്. നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജമീല, രണ്ട് തവണയാണ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തിയിട്ടുള്ളത്. 2010-15 കാലയളവിലാണ് ആദ്യം പ്രസിഡന്‍റായത്.

ജമീലയുടെ രാജിവിവരം ചട്ടപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന സർക്കാർ എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. ആകെ 27 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ച് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വൈകുകയാണെങ്കിൽ നിലവിലെ അംഗങ്ങളിൽ നിന്നും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള സാധ്യതയും നിലവിലുണ്ട്. വനിതാ സംവരണ സീറ്റായതിനാൽ കെ.കെ. ലതികയോ സതീദേവിയോ പ്രസിഡൻറ്​ പദവിയിലേക്ക്​ എത്തുമെന്ന് സൂചനയുണ്ട്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡൻറ്​ എം.പി. ശിവാനന്ദനായിരിക്കും അധികച്ചുമതല.