കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദ് ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിലായി; മരണകാരണം ഹൃദയത്തിൽ ആഴത്തിലേറ്റ കുത്ത്

18

കാസർകോട് കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദ് ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിലായി. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇര്ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, ഔഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആക്രമണത്തിൽ ഔഫിൻ്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.