കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു; ഇനി പ്രവർത്തിപ്പിക്കില്ലെന്ന് സൂചന

9

കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇതോടെ താപനിലയം ഇനി പ്രവര്‍ത്തിക്കാനുള്ള സാധ്യതയും മങ്ങുകയാണ്. 

കായംകുളം താപനിലയത്തില്‍നിന്ന് ഏഴു വര്‍ഷമായി  കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുന്നില്ല. നാഫ്തയുടെ വില കൂടുതലായതിനാല്‍ കായംകുളത്തുനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കൂടുതലാണ്. അതിനാലാണ് കായംകുളത്തുനിന്ന് വൈദ്യുതി കെ.എസ്.ഇ.ബി. വാങ്ങാതിരുന്നത്. 

എന്നാല്‍ നിലയത്തില്‍ ശേഖരിച്ച നാഫ്ത അവശേഷിക്കുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന ഈ നാഫ്ത പ്രവര്‍ത്തിപ്പിച്ച് തീര്‍ക്കുന്നതിനു വേണ്ടി മാര്‍ച്ച് ഒന്നു മുതല്‍ വൈദ്യുതി വാങ്ങാമെന്ന് വൈദ്യുതി ബോര്‍ഡ് കരാര്‍ ഉണ്ടാക്കുകയും പത്തുലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുകയും ചെയ്തു. ഇന്നലത്തോടു കൂടി അവശേഷിക്കുന്ന നാഫ്ത ഉപയോഗിച്ച് തീര്‍ത്തു. ഇനി നാഫ്ത ശേഖരിക്കുന്നില്ലെന്നാണ് എന്‍.ടി.പി.സി. അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ കായംകുളം താപനിലയം ഇനി തുറക്കാന്‍ സാധ്യതയില്ല.

225 മെട്രിക് ടണ്‍ നാഫ്ത മാത്രമാണ് നിലയത്തില്‍ ഇനി അവശേഷിക്കുന്നത്. ടാങ്കിന്റെ ഏറ്റവും അടിഭാഗത്തായതിനാല്‍ അത് പമ്പ് ചെയ്ത് ഉപയോഗിക്കാനാവില്ല. ഇത് ഉപയോഗശൂന്യമാകാനുള്ള സാധ്യതയാണുള്ളത്.