കൊടകര കുഴല്‍പ്പണകേസിൽ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാറിന്റെ മൊഴി*

6

കൊടകര കുഴല്‍പ്പണകേസിൽ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാർ. കേസിലെ പ്രധാന പ്രതി ദീപക്കുമായി കവർച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തിയെന്നും സമാന്തര അന്വേഷണം ബി.ജെ.പി നടത്തിയെന്നും കെ.കെ. അനീഷ്കുമാർ പറഞ്ഞു. കവർച്ച ചെയ്യപ്പെട്ട കുഴല്‍പ്പണം ബി.ജെ.പിയുടേതല്ലെന്നും അനീഷ്കുമാർ വ്യക്തമാക്കി.
തൃശൂർ പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോടും അനീഷ് മറുപടി ആവർത്തിച്ചു. തിരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ തൃശൂരിൽ എത്തിയത് എന്ന സംസ്ഥാന നേതാക്കളുടെ വാദത്തിൽ അനീഷും ഉറച്ച് നിന്നു. ധർമരാജന് മുറി ബുക്ക് ചെയ്ത് നൽകിയിരുന്നു. എന്നാൽ ധർമ്മരാജന്റെ കൈവശം പണമുണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. കവർച്ച കേസിലെ പ്രതി
ദീപക് ബി.ജെ.പി ബന്ധമുള്ളയാളാണ്. ജില്ലാ പ്രസിഡന്‍റ് എന്ന നിലയിലാണ്
ദീപക്കുമായി കൂടിക്കാഴ്ച നടത്തി വിശദീകരണം ചോദിച്ചത്. എന്നാല്‍ മറ്റ് പ്രതികൾക്ക് സി.പി.എം പശ്ചാത്തലമുണ്ടെന്നും അനീഷ് കുമാർ ആരോപിച്ചു.
അതേസമയം ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ സി.സി.ടി.വി പ്രവർത്തന രഹിതമാണെന്നും കണ്ടെത്തി. പ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയും വീണ്ടും ചോദ്യം ചെയ്തു.