കൊടകര കുഴൽപ്പണക്കവർച്ചാ കേസ്: ഒരു പ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തത് 31 ലക്ഷം; ഒരു പ്രതി കൂടി പിടിയിൽ

19

ദേശീയ പാർട്ടിയുടെ പ്രചാരണത്തിനെത്തിച്ച മൂന്നരക്കോടി കുഴൽപ്പണം കവർന്ന കേസിൽ പോലീസ് ഒരു പ്രതിയുടെ വീട്ടിൽനിന്ന് മാത്രം കണ്ടെത്തിയത് 31 ലക്ഷത്തിലേറെ രൂപ. എന്നാൽ, ഈ കുഴൽപ്പണക്കേസിൽ പരാതിക്കാരൻ പറഞ്ഞത് നഷ്ടപ്പെട്ടത് 25 ലക്ഷം മാത്രമെന്നും. കിട്ടാനുള്ള അഞ്ച് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഒരു പ്രതി കൂടി പിടിയിലായി. വേളയനാട് സ്വദേശി ഷുക്കൂർ ആണ് പിടിയിലായത്.

പത്ത് പ്രതികളുള്ള കേസിൽ ഒൻപതാം പ്രതിയിൽ നിന്നാണ് 23 ലക്ഷവും സ്വർണവും രേഖകളുമടക്കം 31 ലക്ഷത്തിലേറെ കണ്ടെത്തിയത്. അപ്പോൾ കുഴൽപ്പണം 25 ലക്ഷമല്ല എന്ന നിഗമനത്തിലാണ് പോലീസ്.

പണവുമായി തട്ടിക്കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവർ നൽകിയ പരാതിയിലെ 25 ലക്ഷം എന്ന തുക കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കുന്നതാണ് 31 ലക്ഷത്തിലേറെ മൂല്യം വരുന്ന തുക ഒരു പ്രതിയിൽനിന്നുമാത്രം കണ്ടെത്തിയ സംഭവം.

കേസിൽ മുഖ്യപ്രതികൾ ഒളിവിലാണ്. ആദ്യ മൂന്നുപ്രതികളാണിവർ. ഇവർ പണവുമായി പോയെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ ലഭിച്ചത്. ഇങ്ങനെയായിരുന്നു പ്രതികളുടെ മൊഴിയും.