കൊടകര കുഴൽപ്പണക്കവർച്ച: നിർണായക അറസ്റ്റുകളിലേക്ക് കടക്കാൻ പോലീസ്: ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം യോഗം ചേരും; ബി.ജെ.പി നേതാവ് മുൻകൂർ ജാമ്യം തേടിയതായി സൂചന,
ധർമ്മരാജനെയും സുനിൽനായിക്കിനെയും അഭിഭാഷകനെയും ഉടൻ ചോദ്യം ചെയ്യും

61

കൊടകര കുഴൽപ്പണക്കവർച്ചാകേസിൽ അന്വേഷണമേറ്റെടുത്ത ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണ ഘട്ടം വിലയിരുത്തും. അതിന് ശേഷമാകും ഇനിയുള്ള ചോദ്യം ചെയ്യലും തുടരന്വേഷണ നടപടികളും. ഇതിനിടെ കേസിൽ സംശയ നിഴലിലുള്ള അഭിഭാഷകൻ കൂടിയായ ബി.ജെ.പി നേതാവ് മുൻകൂർ ജാമ്യം തേടിയതായി സൂചനയുണ്ട്. അടുത്ത ദിവസം ഇയാളെ ചോദ്യം ചെയ്യാൻ വിളിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നീക്കമെന്ന് അറിയുന്നു. തൃശൂരിലെയും സംസ്ഥാനത്തെയും ബി.ജെ.പി നേതാക്കളുമായി ഏറെ അടുപ്പമുള്ളയാളാണ് സംശയനിഴലിലുള്ള അഭിഭാഷകൻ. പണം നഷ്ടപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശി അബ്കാരിയുമായ ധർമ്മരാജിനെയും പണം കൊടുത്തയച്ച യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടും ചോദ്യംചെയ്യാനായി ഉടൻ തന്നെ വിളിപ്പിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കാറിൽ പ്രത്യേക അറയിൽ സൂക്ഷിച്ച് മൂന്നരക്കോടിയുണ്ടായിരുന്നുവെന്നും കർണ്ണാടകയിൽ നിന്നാണ് പണമെത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൊടകരയിൽ നഷ്ടപ്പെട്ട പണം കൂടാതെ വിവിധ ജില്ലകളിലേക്ക് സമാനമായി എത്തിയ പണത്തെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. പാലക്കാട് പണം തട്ടിയെടുക്കൽ ശ്രമം പാളിയിരുന്നു. ഇവിടെ പണമെത്തിെയന്നാണ് ലഭ്യമായിരിക്കുന്ന വിവരം. പണം നഷ്ടപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജും പണം കൊടുത്തുവിട്ട യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കുമടക്കം പണമിടപാടിൽ ബി.ജെ.പി-ആർ.എസ്.എസ് ബന്ധം പോലീസ് സ്ഥിരീകരിച്ചുവെങ്കിലും പണമെത്തിയത് രാഷ്ട്രീയപാർട്ടിക്കോ, തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയായിരുന്നുവോ എന്നതിലും സ്ഥിരീകരിക്കാനായിട്ടില്ല. നേരത്തെ കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടാതെ മറ്റ് മുഖ്യ ആസൂത്രകൻ അടക്കമുള്ള പ്രധാന പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണ സംഘം നടപടികളിലേക്ക് കടന്നിട്ടുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട് പരാതി നിലനിൽക്കെ ഒത്തു തീർപ്പിന് ശ്രമിച്ച അഭിഭാഷകനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയും പ്രമുഖ ക്രിമിനൽ അഭിഭാഷകന്റെ ജൂനിയറുമായ ഇയാൾക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ട്. ബി.ജെ.പി നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ഒത്തുതീർപ്പിനായി എത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകി. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിനുള്ള നീക്കം. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് ദേശീയ പാർട്ടിയുടെ പ്രചരണത്തിനെത്തിച്ച മൂന്നരക്കോടിയോളം കൊടകര മേൽപ്പാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. എന്നാൽ കാറും കാറിലുണ്ടായിരുന്ന 25 ലക്ഷവും കവർന്നുവെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ അബ്കാരിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമ്മരാജ് ഡ്രൈവർ ഷംജീർ മുഖേന പരാതി നൽകിയത്. പരാതിപ്രകാരമുള്ള 25 ലക്ഷത്തിന് പകരം 47.5 ലക്ഷം കണ്ടെത്തിയതോടെയാണ് അന്വേഷണം വിപുലമാക്കാൻ തീരുമാനിച്ചത്. കേസിൽ 19 പ്രതികളെയും കവർച്ചക്കുപയോഗിച്ച മൂന്ന് കാറുകളും പൊലീസ് കണ്ടെടുത്തിരുന്നു.