‘കാക്കിക്കുള്ളിലെ ചാരന്മാർ’: കൊടകര കുഴൽപ്പണക്കേസിൽ പ്രതികൾക്ക് അന്വേഷണ വിവരം ചോർന്നു; തൃശൂരിലെ വിവാദ കൊലപാതക കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനും ഡി.വൈ.എഫ്.ഐ നേതാവിനെ മർദിച്ചതിന് നടപടി നേരിട്ട് സ്ഥലം മാറ്റിയ കണ്ണൂരിലെ ഉദ്യോഗസ്ഥനും സംശയത്തിൽ, നടപടി ഉണ്ടായേക്കും; ബി.ജെ.പി ഉന്നത നേതാവിനെ അന്വേഷണ സംഘം വിളിപ്പിച്ചു

167

കൊടകര കുഴൽപ്പണ കേസിൽ പ്രതികൾക്കനുകൂലമായി പോലീസിൽ നിന്ന് വിവരം ചോർന്നു. അന്വേഷണ സംഘത്തിലുള്ള രണ്ട് പേരും കണ്ണൂരിലുള്ള ഉദ്യോഗസ്ഥനുമാണ് സംശയത്തിലുള്ളത്. ഇവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. കണ്ണൂരിലും കോഴിക്കോടും റെയ്ഡ് നടത്തുന്ന വിവരം ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. ഇതാണ് ഒളിപ്പിച്ച പണം മാറ്റിയതിനു പിന്നിലെന്ന് വിവരം ലഭിച്ചു. അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തിലും പോലീസിൻ്റെ സഹായം പ്രതികൾക്ക് ലഭിച്ചിരുന്നതായി സൂചനകളുണ്ട്. തൃശൂരിലെ വിവാദ കൊലപാതക കേസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് തൃശൂരിൽ നിന്നും വിവരം ചോർത്തിയതിന് പിന്നിലെന്നാണ് കണ്ടെത്തിയത്. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ മർദിച്ച കേസിൽ തൃശൂരിൽ നടപടി നേരിട്ട് സ്ഥലം മാറ്റി ഇപ്പോൾ കണ്ണൂരിലെത്തിയ ഉദ്യോഗസ്ഥനാണ് പ്രതികളെ സഹായിച്ച മറ്റൊരാളെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുഴൽപ്പണ കേസിൽ തന്നെ കേസ് ഒതുക്കാൻ വിവാദ ക്രിമിനൽ അഭിഭാഷകനുമായി വിവരം ചോർത്തിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥൻ കൂടിക്കാഴ്ച നടത്തിയതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അന്വേഷണ വിവരങ്ങൾ ചോരുന്നുണ്ടെന്ന സൂചനകളെ തുടർന്ന് രണ്ടു ദിവസമായി ഇവർ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. വിവരം ചോർത്തൽ ഡി.ഐ.ജിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ബി.ജെ.പിയുടെ കോഴിക്കോട് കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച മേഖലയിലെ ചുമതലക്കാരനെ വിളിപ്പിച്ചിട്ടുണ്ട്.