കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിയെ കൂടുതൽ കുരുക്കി കോൾ ലിസ്റ്റ്: ധർമരാജൻ ആദ്യം വിളിച്ചത് ഏഴ് ബി.ജെ.പി നേതാക്കളെ, ആദ്യ ഏഴ് കോളിൽ സുരേന്ദ്രന്റെ മകന്റെ നമ്പറും, നേതാക്കളുമായുള്ള സംസാരം 30 സെക്കന്റ്‌ വീതം ദൈർഘ്യമുള്ളത്

24

കൊടകര കുഴൽ പണ കേസിൽ ബി ജെ പിക്ക് കുരുക്കായി ധർമ്മരാജന്റെ കോൾ ലിസ്റ്റ്. കവർച്ചക്ക് ശേഷം ഏഴ് ബി ജെ പി നേതാക്കളെ ധർമരാജൻ വിളിച്ചതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇതില്‍ കെ.സുരേന്ദ്രന്റെ മകനുമായും ഫോണിൽ സംസാരിച്ചിട്ടള്ളതായി കണ്ടെത്തി. ഏപ്രിൽ 3 ന് പുലർച്ചെ 4.40 ന് ദേശീയ പാത കൊടകരയിൽ വെച്ചാണ് പണം കവർച്ച ചെയ്യപ്പെടുന്നത്. ഉടൻ തന്നെ ധർമരാജൻ വിളിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഫോൺ എടുത്തിട്ടില്ല. തുടർന്നാണ് മറ്റ് നേതാക്കളെ ബന്ധപ്പെടുന്നത്. ഏഴു നേതാക്കളുമായി സംസാരിച്ചു. ഇതില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷണനേയും വിളിച്ചിട്ടുണ്ട്. ഹരികൃഷ്ണന്റെ നമ്പറിൽ 24 സെക്കന്റാണ് സംഭാഷണം നീണ്ടു നിന്നത്. മറ്റ് നേതാക്കളുമായും 30 സെക്കന്റിനടുത്ത് സംസാരിച്ചു. പണം നഷ്ടപ്പെട്ട കാര്യം വിളിച്ചറിയിക്കുകയായിരുന്നു ധര്‍മ്മരാജന്‍റെ ലക്ഷ്യമെന്നാണ് പോലീസിന്‍റെ നിഗമനം.
ധർമ്മരാജനുമായി സംഘടനാ ബന്ധം മാത്രമേയുള്ളൂ എന്നാണ് ബി.ജെ.പി നേതാക്കൾ എല്ലാം ഒരേ രീതിയിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും നേതാക്കൾ ആവർത്തിച്ചിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ട ഏപ്രിൽ 3ന് പുലർച്ചെ ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടതിന് കെ.സുരേന്ദ്രന്റെ മകൻ അടക്കമുള്ളവര്‍ പോലീസിനോട് വിശദീകരണം നൽകേണ്ടി വരും.