കൊടകര കുഴൽപ്പണ കവർച്ചാ കേസ് വീണ്ടും പണം കണ്ടെത്തി: പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ച ഒൻപത് ലക്ഷം കണ്ടെടുത്തു; പാലക്കാട്‌ നേതാവിന്റെ ഡ്രൈവർ കസ്റ്റഡിയിൽ, ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി കർത്തയെ ചോദ്യം ചെയ്യുന്നു

106

കൊടകര കുഴൽപ്പണക്കവർച്ചാകേസിൽ വീണ്ടും പണം കണ്ടെത്തി. ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപയാണ് കണ്ടെടുത്തത്. വെള്ളാങ്കല്ലൂരിലെ വീട്ടിൽ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. കവർച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപക്ക് ഇന്നോവ കാറും മുന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതിന്റെയും രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷർ കെ.ജി കർത്തയെ ചോദ്യം ചെയ്തു തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററിൽ ചോദ്യംചെയ്യുന്നത്. നേരത്തെ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ബി.ജെ.പി സംഘടനാ സെക്രട്ടറി ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർ 29ന് ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്. ധർമ്മരാജനുമായി കെ.ജി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതിൻറെയും കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ പോലീസിന് ലഭിച്ചു. ധർമ്മരാജും സുനിൽ നായിക്കും നൽകിയ മൊഴിയും പണം കർത്തക്ക് കൈമാറണമെന്ന നിർദ്ദേശമാണുണ്ടായിരുന്നതെന്നും കർത്തയിൽ നിന്നും പണം മറ്റ് ആർക്ക് കൊടുക്കുമെന്നതിൽ അറിയില്ലെന്നുമായിരുന്നു മൊഴി. ഈ സാഹചര്യത്തിലാണ് കർത്തയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ നേതാക്കളായ കെ.ആർ.ഹരി, സുജയ് സേനൻ എന്നിവരെയും മധ്യമേഖലാ സെക്രട്ടറി ജി.കാശിനാഥനെയും ചോദ്യം ചെയ്തതിൽ നിന്നും ധർമ്മരാജും സുനിൽനായിക്കുമായും ബന്ധമൊന്നും ഇല്ലെന്നും സംഭവമുണ്ടായതിന് ശേഷം വിളിച്ചപ്പോഴാണ് നേരിൽ കാണുന്നതെന്നുമായിരുന്നു പോലീസിന് മൊഴി നൽകിയത്. എന്നാൽ സംഘത്തിന് തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകുന്നതും കൊടകരയിൽ എത്തുന്നതും കൂടാതെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തൃശൂരിലെത്തി പണം കൈമാറിയെന്നതിന്റെ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ വീണ്ടും വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടൊപ്പം കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെ പാലക്കാട്‌ ജില്ലയിലെ സമാന സംഭവത്തിൽ നേതാവിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടിപകളിലേക്ക് കടക്കും.