കൊടകരയിലെ കുഴൽപ്പണക്കവർച്ച പുറത്ത് വന്നത് പാർട്ടിയിലെ ഉൾപ്പോര്; ഒത്തു തീർപ്പ് നീക്കം പൊളിഞ്ഞത് കർണാടക നേതാക്കളുടെ നിലപാട്

34

കൊടകരയിൽ മൂന്നരക്കോടി കുഴൽപ്പണം കവർന്ന സംഭവം ഒത്തുതീർപ്പിലാകാതെ പോയത് ബി.ജെ.പി. കർണാടക നേതാക്കളുടെ കർശന നിലപാടുകാരണമെന്ന് സൂചന. ഏപ്രിൽ മൂന്നിന് പുലർച്ചെ നടന്ന കവർച്ചയെപ്പറ്റി കൊടകര പോലീസിൽ പരാതികിട്ടുന്നത് നാലു ദിവസം കഴിഞ്ഞ് ഏഴാം തിയതി വൈകീട്ടാണ്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം പലതലങ്ങളിലും നടന്നു. തൃശൂരിൽ മർദനക്കേസിൽ പ്രതിയായ ജില്ലാ നേതാവിന്റെ സുഹൃത്ത് കൂടിയായ അഭിഭാഷകൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

ഇതിനിടെയാണ് കർണാടകയിൽനിന്ന് എത്തിച്ച മൂന്നരക്കോടി തട്ടിയെടുത്തെന്ന കാര്യം അവിടത്തെ ബി.ജെ.പി. നേതാക്കളുടെ ചെവിയിലെത്തിയത്. അതോടെയാണ് പോലീസിൽ പരാതിപ്പെടാനുള്ള സമ്മർദമുണ്ടായത്. പരാതിക്കാരനായ ധർമരാജനോടൊപ്പം കൊടകര പോലീസ് സ്റ്റേഷനിൽ പരാതിനൽകാൻ ഒരു സംസ്ഥാന സെക്രട്ടറിയും പോയിരുന്നു. പരാതി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കർണാടകയിലെ നേതാക്കളുടെ നിർദേശം കണക്കിലെടുത്താണ് ഇദ്ദേഹം പോയതെന്നറിയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനായി കർണാടകയിൽനിന്ന് 17 പ്രമുഖ ആർ.എസ്.എസ്.-ബി.ജെ.പി. നേതാക്കൾ കേരളത്തിൽ തങ്ങിയിരുന്നു. നേതൃത്വവുമായി പിണങ്ങി നിന്നിരുന്ന മുതിർന്ന നേതാവാണ് കുഴൽപ്പണക്കവർച്ചാസംഭവം കർണാടക നേതാക്കളുടെ ശ്രദ്ധയിലെത്തിച്ചത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സമാനതട്ടിപ്പ് എറണാകുളം ജില്ലയിൽ നടന്നുവെന്നും അറിയിച്ചതോടെ കർണാടകയിലെ നേതാക്കൾ പ്രകോപിതരായി. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നെന്നും ഇതിന് സമാനമായ രീതിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും പണം കടത്തിയിരുന്നതായും ധർമരാജൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

പണം തട്ടിക്കൊണ്ടുപോയ ഉടൻ ധർമരാജൻ ബന്ധപ്പെട്ടത് പിന്നീട് പരാതി കൊടുക്കാൻ കൂടെപോയ സംസ്ഥാന സെക്രട്ടറിയെയാണ്. എന്നാൽ, നേതാവ് ഫോണെടുത്തില്ല.

രണ്ടാമത് ബന്ധപ്പെട്ടത് തൃശൂരിൽ താമസിക്കുന്ന ജില്ലാനേതാവിനെയാണ്. ഇദ്ദേഹം നിമിഷങ്ങൾക്കകം 25 കിലോമീറ്റർ അകലെയുള്ള സംഭവസ്ഥലത്തെത്തി. ഇത് സംശയകരമായി പൊലീസ് വിലയിരുത്തുന്നു. പ്രശ്നം ഒത്തുതീർക്കാമെന്ന് അറിയിച്ച് ധർമരാജനെ സ്ഥലത്ത് നിന്നും പറഞ്ഞയച്ചത് ഇയാളാണ്.