കൊടകര കുഴൽപ്പണ കവർച്ചാ കേസ്: ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറിയെയും ജില്ലാ ട്രഷററുടെ അടുപ്പക്കാരനെയും ഇന്ന് ചോദ്യം ചെയ്യും; ഇരുവരുടെയും മൊഴികൾ നേതാക്കൾക്ക് നിർണായകം, തെളിവുകളുമായി പോലീസ്

45

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറിയെയും ജില്ലാ ട്രഷററുടെ അടുപ്പക്കാരനെയും ഇന്ന് ചോദ്യം ചെയ്യും ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് ജില്ലാ ട്രഷറർ സുജയ് സേനന്റെ അടുപ്പക്കാരനും ബിസിനസ് പങ്കാളിയുമായ പ്രശാന്ത് എന്നിവരെയാണ് ഇന്ന് ഇന്ന് ചോദ്യം ചെയ്യുക. ഇരുവരോടും രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശ നൽകിയിട്ടുണ്ട്. പണമിടപാടിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

പുലർച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബി.ജെ.പി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ വ്യക്തമാക്കിയിരുന്നു.

വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം  215, 216 നമ്പർ മുറികളിൽ താമസിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ പറയുന്നു. ഹോട്ടൽ ജീവനക്കാരന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. മുറിയെടുത്ത് നൽകാൻ ആരു പറഞ്ഞു, ഇവരുമായി ബന്ധപ്പെട്ടത് എങ്ങനെ എന്നിങ്ങനെ വിവരങ്ങളാണ് സതീഷിൽ നിന്നും തേടുന്നത്. നേരത്തെ സുജയ് സേനനെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ബിസിനസ് പങ്കാളിയാണ് പ്രശാന്ത്. പണമിടപാടിൽ ഇയാൾക്ക് പങ്കുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ഇരുവരിൽ നിന്നും ലഭിക്കുന്ന മൊഴികൾ നേതൃത്വത്തെ ബാധിക്കുന്നതാവും.