കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു: മൂന്നര മണിക്കൂർ ചോദ്യം ചെയ്തു; പണവുമായി ബന്ധമില്ലെന്ന് മൊഴി; സംഘടനാ സെക്രട്ടറിയുടെ മൊഴിയിൽ വൈരുധ്യം

24

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പണം വന്നതുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു പ്രധാന ചോദ്യങ്ങൾ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ നൽകിയ പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന മൊഴി ഗിരീഷും അന്വേഷണ സംഘത്തിനോട് ആവർത്തിച്ചു. ധർമരാജൻ പണം കടത്തിയത് സംബന്ധിച്ച് പാർട്ടിക്ക് ബന്ധമില്ലെന്നും ഗിരീഷ് പറഞ്ഞു. സംഘടനാ ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കുഴൽപ്പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന ആർ.എസ്.എസ്. പ്രവർത്തകൻ ധർമ്മരാജൻ്റെ മൊഴി നിർണായകമാണ്.

ക‍ഴിഞ്ഞ ദിവസം കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാകോടതി തള്ളി യിരുന്നു. പ്രതികളായ മുഹമ്മദലിയുടേയും രണ്ടാം പ്രതി രഞ്ജിത്തിന്റെയും ഷുക്കൂറിന്റെയും റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം മുഖ്യ പ്രതികളിലൊരാളായ മാര്‍ട്ടിന്റെ അമ്മ പൊലീസിനെ ഏല്‍പ്പിച്ചു. മറ്റു പ്രതികളുടെ ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ തേടുന്നുണ്ട്.
തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് ഒന്നരയോടെയാണ് അവസാനിപ്പിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം ഗിരീഷിനോട് അറിയിച്ചിട്ടുണ്ട്. എം ഗണേശനെയും സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീശനെയും മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇരുവരും ഹാജരാകാന്‍ തയാറായിരുന്നില്ല.
അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് എം.ഗണേശന്‍ ചോദ്യം ചെയ്യലിന് വിധേയനായത്. പണം കർണാടകത്തിൽ ബി.ജെ.പി കേന്ദ്രത്തിൽ നിന്ന് വന്നതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതാണോ, നേതാക്കള്‍ക്കുള്ള പങ്ക്, എവിടേക്കുള്ളതാണ് എന്നീ വിവരങ്ങളിലാണ് പോലീസ് വ്യക്തത തേടുന്നത്. സംഘടനാ ആവശ്യത്തിനാണ് താന്‍ ധര്‍മ്മരാജനുമായി ബന്ധപ്പെട്ടതെന്നാണ് ഗണേശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ ലോഡ്ജിൽ മുരിയെടുത്ത് നൽകിയത് ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്നാണെന്ന് ഹോട്ടൽ ജീവനക്കാരന്റെ മൊഴിയുണ്ട്. ഇതനുസരിച്ച് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെയും ഉടൻ വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.