കൊടകര കുഴൽപ്പണക്കേസ്: സുരേഷ്‌ഗോപിയെ ചോദ്യം ചെയ്യാൻ ആലോചന; സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ഇന്ന് ചോദ്യം ചെയ്യും

53

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് സൂചന. കൊടകര കുഴല്‍പ്പണക്കേസില്‍ പണവുമായെത്തിയ ധര്‍മരാജന്‍ തൃശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

തൃശൂരിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മരാജന്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയെ വിളിപ്പിക്കുന്നത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. പണം എവിടെ നിന്നെത്തി, എന്തിനുവേണ്ടിയെത്തി. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ്‌ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക. എന്നാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക എന്ന കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവർ ലെബീഷിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ധര്‍മരാജന്‍, റഷീദ് തുടങ്ങിയവര്‍ തൃശ്ശൂരിന് പുറമേ മറ്റു നിയമസഭാ മണ്ഡലങ്ങളിലേക്കും പണവുമായി എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.