നേതാക്കളിലേക്ക് അടുത്ത് കൊടകര കുഴൽപ്പണക്കവർച്ചാ കേസ്: യുവമോർച്ച നേതാവിനെയും ആർ.എസ്.എസ് പ്രവർത്തകനെയും ഇന്ന് ചോദ്യം ചെയ്യും; രാവിലെ 11ന് പോലീസ് ക്ലബ്ബിൽ ഹാജരാവാൻ നിർദേശം

104

കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം തട്ടിയെടുത്ത കേസിൽ യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിനെയും ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഡി.ഐ.ജി യുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ആണ് ചോദ്യം ചെയ്യുന്നത്. ഇരുവരോടും ഇന്ന് രാവിലെ തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. ധർമരാജിന്റെ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് പരാതി നൽകിയത്. പണം ബിസിനസ് ആവശ്യത്തിന് സുനിൽ നായിക്ക് കൊടുത്തതാണ് എന്നാണ് ആദ്യം മൊഴി നൽകിയിരുന്നത്. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം കണ്ടെത്തിയതോടെ നേരത്തെ ഉയർന്ന മൂന്നരക്കോടി കുഴൽപ്പണം ആണ് കവർന്നത് എന്നാ നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതോടെയാണ് പണത്തെ കുറിച്ച് അറിയാൻ ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. ഇതിനിടെ കേസിലെ മുഖ്യപ്രതികളിലൊരാളുടെ ഭാര്യയെ കൂടി കേസിൽ ഇന്നലെ അറസ്റ്റ് ചെയ്തു. രഞ്ജിത്തിൻറെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി (34) ആണ് അറസ്റ്റിലായത്. രഞ്ജിത്തിന്റെ കൈവശമുണ്ടായിരുന്ന പണം ഒളിപ്പിച്ചത് ദീപ്തിയായിരുന്നു. കവർച്ചാപ്പണമാണെന്ന് അറിഞ്ഞ് കൈവശം വെച്ചത് ചുമത്തിയാണ് അറസ്റ്റ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. രഞ്ജിത്തിന്റെ വീട്ടിൽ നിന്നും 11.96 ലക്ഷമാണ് കണ്ടെടുത്തത്. രണ്ട് ലക്ഷം രൂപയുടെ ഇടപാടുകളെ കുറിച്ചും അറിഞ്ഞു. ഇതോടെ ഒരു കോടിയോളം രൂപയാണ് പ്രതികളിൽ നിന്നായി കണ്ടെടുത്തത്. ഏപ്രിൽ മൂന്നിന് കൊടകര മേൽപ്പാലത്തിന് സമീപത്തായി വാഹനാപകടമുണ്ടാക്കി കാറിലുണ്ടായിരുന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട് സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമ്മരാജ് ഡ്രൈവർ ഷംജീർ മുഖേന നൽകിയ പരാതിയിലുള്ളത്. ബി.ജെ.പി നേതാക്കൾക്കെതിരെയാണ് കേസിൽ ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യലോടെ നിർണായക രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.