കൊടകര കുഴൽപ്പണ കേസില്‍12 ലക്ഷം കൂടി കണ്ടെടുത്തു:

21

കൊടകര കുഴൽപ്പണ കേസില്‍12 ലക്ഷം കൂടി കണ്ടെടുത്തു. മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിൻ്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇയാളുടെ തൃശൂർ പുല്ലൂറ്റിലെ വാടക വീട്ടിൽ നിന്നാണ് 11.96 ലക്ഷം കണ്ടെത്തിയത്. ഇതോടെ കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയത് ഒരു കോടിയോളം രൂപയായി. വാഹനാപകടമുണ്ടാക്കി 25 ലക്ഷം കവർന്നുവെന്ന് നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് ഒരു കോടിയോളം കണ്ടെത്തിയത്.പരാതിയിൽ പറഞ്ഞതിനേക്കാൾ തുക കണ്ടെടുത്തതോടെ മൂന്നരക്കോടിയുണ്ടായിരുന്ന സ്ഥിരീകരണത്തിലാണ് അന്വേഷണ സംഘം. ബാക്കി തുക കണ്ടെത്താനും കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
ഏപ്രിൽ മൂന്നിന് പുലർച്ചെ നാലിനാണ് ദേശീയപാതയിൽ കാർ
മറ്റൊരു കാർ കൊണ്ട് ഇടിപ്പിച്ച ശേഷം വണ്ടി തട്ടിക്കൊണ്ടുപോയി പണം കവർന്നത്.കേസിൽ ഇതുവരെ 19 പ്രതികളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ്
കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ വെള്ളാങ്ങല്ലൂർ വെളിയനാട് വീട്ടിൽ പലയിടത്ത് ഒളിപ്പിച്ച 11.96 ലക്ഷം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ പണം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന പ്രതിയെ തെളിവുകൾ സഹിതം പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് ഒടുവിൽ ഇയാൾ കുടുങ്ങിയത്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായി. നാളെ അന്വേഷണ സംഘം വീണ്ടും അന്വേഷണ വിലയിരുത്തലിനായി ഇരിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധം അന്വേഷിക്കാനാണ് അടുത്ത നീക്കം. രണ്ട് ബി.ജെ.പി നേതാക്കളുടെ പങ്കിനെ കുറിച്ച് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ ചോദ്യം ചെയ്യലിലേക്ക് കടക്കും മുൻപ് കൂടുതൽ വിവരശേഖരണത്തിനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.