ലഖിംപുർ ഖേരി കർഷക കൊലപാതകം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി

9

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി.

Advertisement

ആശിഷുൾപ്പെടെ 14 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം നൽകി. 5000 പേജുള്ള ഇതിൽ പ്രതികൾക്കെതിരേ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയതായി സീനിയർ പ്രോസിക്യൂട്ടിങ് ഓഫീസർ എസ്.പി. യാദവ് മാധ്യമങ്ങളോടു പറഞ്ഞു. അക്രമത്തിൽ കർഷകർ കുറ്റമാരോപിക്കുന്ന മന്ത്രി അജയ് മിശ്രയെ പ്രതിചേർത്തിട്ടില്ല.

ആശിഷ് ഉൾപ്പെടെ 13 പേർ ജയിലിലാണ്. അജയ് മിശ്രയുടെ ബന്ധു വീരേന്ദ്ര കുമാർ ശുക്ലയാണ് കുറ്റം ചുമത്തിയ പതിന്നാലാമൻ. തെളിവു നശിപ്പിച്ചെന്നതാണ് ഇയാളുടെ കുറ്റം. ബ്ലോക്ക് പ്രമുഖ് കൂടിയായ ഇയാളെ അറസ്റ്റു ചെയ്തിട്ടില്ലെങ്കിലും നോട്ടീസ് അയച്ചതായി പോലീസ് അറിയിച്ചു.

ആശിഷ് മിശ്രയുടെ ജാമ്യഹർജി ഹൈക്കോടതിയും മറ്റുള്ളവരുടേത് ലഖിംപുർ ഖേരി കോടതിയും പരിഗണിക്കാനിരിക്കേയാണ് കുറ്റപത്രമെത്തിയത്.

നാലു കർഷകരെയും പ്രാദേശികമാധ്യമപ്രവർത്തകനെയും കാർ കയറ്റി കൊന്ന സംഭവം ബോധപൂർവം നടത്തിയ ആസൂത്രിതപദ്ധതിയാണെന്ന് ഈയിടെ എസ്.ഐ.ടി. വിലയിരുത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മുൻജഡ്ജി ജസ്റ്റിസ് രാകേഷ് കുമാർ ജെയിനിനാണ് മേൽനോട്ടച്ചുമതല.

മന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് ഒക്ടോബർ മൂന്നിന് കർഷകർക്കു നേരെ പാഞ്ഞുകയറിയ വാഹനം. സംഭവം നടക്കുമ്പോൾ മകൻ രണ്ടുകിലോമീറ്റർ അപ്പുറമുള്ള ഗുസ്തി മത്സരസ്ഥലത്തായിരുന്നെന്നാണ് അജയ് മിശ്രയുടെ വാദം. 

Advertisement