ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി തൃശൂർ കോർപ്പറേഷൻ: യോഗത്തിൽ പങ്കെടുത്തിട്ടും പ്രമേയമാണെന്ന് അറിയാതെ ബി.ജെ.പി അംഗങ്ങൾ, വൈകി തോന്നിയ ബുദ്ധിയിൽ പിന്നീട് വിയോജനമറിയിച്ചു

20

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ തൃശൂർ കോർപ്പറേഷനും പ്രമേയം പാസാക്കി. പ്രമേയത്തെ കുറിച്ച് അറിവില്ലാതിരുന്ന ബി.ജെ.പി അംഗങ്ങൾ പിന്നീട് വൈകി വിയോജന കുറിപ്പ് രേഖപ്പെടുത്തി. ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിൽ സി.പി.എം നേതാവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.ഷാജനാണ് പ്രമേയം അവതരിപ്പിച്ചത്. സി.പി.എം നേതാവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ വർഗീസ് കണ്ടംകുളത്തി പിന്തുണച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും പ്രമേയത്തെ പിന്തുണച്ചതോടെ പ്രമേയം പാസായി. കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങളും പങ്കെടുത്തിരുന്നുവെങ്കിലും പ്രമേയാവതരണ സമയത്ത് എതിർപ്പ് അറിയിച്ചില്ല. അവതരണവും ചർച്ചയും കഴിഞ്ഞതോടെയാണ് വിഷയം ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയമായിരുന്നുവെന്ന് അറിഞ്ഞത്. ഇതോടെ വിഷയം വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രമേയത്തിനോട് വിയോജിക്കുന്നുവെന്നും ബി.ജെ.പി അംഗങ്ങൾ അറിയിച്ചു. ആറ് അംഗങ്ങളാണ് ബി.ജെ.പിക്ക് കോർപ്പറേഷനിലുള്ളത്. കോൺഗ്രസിൽ നിന്നും രാജൻ പല്ലൻ, ജോൺ ഡാനിയേൽ എന്നിവർ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്തു.