കക്കുകളി നാടകത്തിനെതിരെ തൃശൂർ അതിരൂപത പള്ളികളിൽ പ്രതിഷേധക്കുറിപ്പ്: ബ്രഹ്മപുരത്തെ മാലിന്യത്തേക്കാൾ ഹീനമാണ് ഇടത് സാംസ്കാരിക ബോധമെന്ന് വിമർശനം; ഇടത് സ്ഥാനാർഥികളെ വിജയിപ്പിക്കണമോയെന്ന് ആലോചിക്കണമെന്നും ആഹ്വാനം

34

‘കക്കുകളി’ നാടകത്തിനെതിരെ തൃശൂരിൽ പള്ളികളിൽ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകത്തെ വാഴ്ത്തുകയാണ് സാംസ്കാരിക വകുപ്പെന്നും ‘ബ്രഹ്മപുരത്തെ മാലിന്യത്തേക്കാൾ ഹീനമാണ് ഇടത് സാംസ്കാരിക ബോധം’. ഇടത് സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും അതിരൂപത പ്രതിഷേധകുറിപ്പിൽ ആഹ്വാനം ചെയ്യുന്നു.

Advertisement

നാടകാവതരണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനവുമായി രംഗത്ത് വന്ന ക്രൈസ്തവ സഭ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് പള്ളികളിൽ പ്രതിഷേധ കുറിപ്പ് വായിച്ചത്. സർക്കാരിനെതിരെ കടുത്ത വിമർശനമാണ് പ്രതിഷേധ കുറിപ്പിലുള്ളത്. സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകോത്സവത്തിൽ മികച്ച നാടകമായി തെരെഞ്ഞെടുക്കപ്പെട്ടത് കക്കുകളി ആയിരുന്നു. ഇടത് സർക്കാരിന്റെ സാംസ്‌കാരിക ബോധം ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനർഥികളെ വിജയിപ്പിക്കണമോയെന്ന് ആലോചിക്കണമെന്നും പ്രതിഷേധ കുറിപ്പിൽ തൃശൂർ അതിരൂപത ആഹ്വാനം ചെയ്യുന്നു. 
ക്രൈസ്തവവിശ്വാസത്തേയും, സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നാണ് സഭ ഇടവകകൾക്ക് അയച്ച സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം.  കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളിൽ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് നാടകത്തിന്റെ ഇതി വൃത്തമെന്ന് സര്‍ക്കുലര്‍ ആരോപിക്കുന്നു.   പൊതുഖജനാവിൽ നിന്ന് പണം ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. രാവിലെ കുർബാനക്ക് ശേഷമാണ് പ്രതിഷേധ കുറിപ്പ് വായിച്ചത്. തിങ്കളാഴ്ച രാവിലെ തൃശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Advertisement