തമാശയാവുന്ന സ്ഥാനാർഥി പ്രഖ്യാപനങ്ങൾ: മാനന്തവാടിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണിക്കുട്ടന്‍ പിന്‍മാറി: താൻ അറിയാതെയാണ് സ്ഥാനാർഥി പ്രഖ്യാപനമെന്ന് മണിക്കുട്ടൻ

10

മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പിന്‍മാറി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാന്‍ താത്പര്യമില്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. 

ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പണിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ നാമനിര്‍ദ്ദേശം ചെയ്തതില്‍ അഭിമാനമുണ്ട്. ‘സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം’. താന്‍ ബിജെപി അനുഭാവി അല്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. 

ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാര്‍ത്ത കാണുമ്പോഴാണ് സ്ഥാനാര്‍ഥിയായ വിവരം ഇദ്ദേഹമറിയുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്ന മണിക്കുട്ടന്‍ എന്നപേര് കണ്ടപ്പോള്‍ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുശേഷമാണ് ബി.ജെ.പി. ജില്ലാകമ്മിറ്റിയംഗങ്ങള്‍ വിളിക്കുന്നതും സ്ഥാനാര്‍ഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബി.ജെ.പി.സ്ഥാനാര്‍ഥിയായി നിയോജകമണ്ഡലത്തില്‍ മത്സരിക്കണമോ എന്നകാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.ആലോചിച്ച ശേഷം സ്ഥാനാര്‍ഥിയാകേണ്ട എന്നാണ് തീരുമാനമെന്നും മണികണ്ഠൻ പറഞ്ഞു.

പണിയവിഭാഗത്തില്‍നിന്നുള്ള ആദ്യ എം.ബി.എ.ക്കാരനാണ് 31-കാരനായ മണികണ്ഠന്‍. മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കള്‍. ഭാര്യ: ഗ്രീഷ്മ. പാണ്ടിക്കടവ് പഴശ്ശി സ്‌കൂളിലും മാനന്തവാടി ജി.യു.പി. സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.