എല്‍ഡിഎഫ് വിട്ടെന്ന് മാണി സി കാപ്പന്‍: യുഡിഎഫില്‍ ഘടക കക്ഷിയാകും; തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും കാപ്പൻ

36

എല്‍ഡിഎഫ് വിട്ടെന്ന് മാണി സി കാപ്പന്‍ എം.എൽ.എ. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍.സി.പി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റിന്‍റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍.സി.പി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.