പ്രതിപക്ഷ നേതാവിന് സമനില തെറ്റിയോ: രമേശ്‌ ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; അപേക്ഷ പോലും ലഭിക്കാത്തതിൽ കരാറോയെന്നും മേഴ്‌സിക്കുട്ടിയമ്മ

14

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിൽ അയ്യായിരം കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹം നടപ്പില്ലെന്നും അവർ വ്യക്തമാക്കി.

ട്രോളറുകൾക്ക് ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഡിഎഫ്‌സി ട്രോളറുകൾക്ക് അനുമതി നൽകാനുള്ള അധികാരവും വകുപ്പിനാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അമേരിക്കയ്ക്ക് പോയത് യുഎന്നുമായുള്ള ചർച്ചയ്ക്കാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കൂട്ടിക്കെട്ടി പ്രതിപക്ഷ നേതാവ് അസംബന്ധ പ്രചാരണം നടത്തുകയാണ്. നടക്കാത്ത കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആക്ഷേപം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? – അവർ ചോദിച്ചു.

കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനി ഇഎംസിസി ഇന്റർനാഷണലുമായി സർക്കാർ കരാർ ഒപ്പിട്ടു എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.