പുതുമഴയിൽ മണ്ണ് നനഞ്ഞു: കൃഷി തിരക്കിലായി മന്ത്രി രാധാകൃഷ്ണൻ

161

മന്ത്രിപണിയുടെ തിരക്കിനിടയിലും കൃഷിയിടത്തിലും സജീവമായി മന്ത്രി കെ. രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം പുതുമഴ പെയ്തതോടെ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കൃഷി നിലം ഒരുക്കുകയാണ് മന്ത്രി രാധാകൃഷ്ണനും സുഹൃത്തുക്കളും. ചേന,കാച്ചിൽ, കപ്പ എന്നിവയാണ് ഉടൻ കൃഷിയിറക്കുന്നത്. കോവിഡ് അടച്ചിടൽ കാലത്ത് മന്ത്രിയും സുഹൃത്തുക്കളും ചേർന്ന് കൃഷി ആരംഭിച്ചിരുന്നു.
‘പെട്ടെന്നുണ്ടായ ലോക്​ഡൗൺ കൃഷി നഷ്​ടത്തിലാക്കി. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഒരു ചെറു സംഘം സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷി ചെയ്തത്. മുഴുവൻ കപ്പയാണ് നട്ടത്. പക്ഷേ വിളവെടുത്തപ്പോഴേക്കും ലോക്​ഡൗണായി. കിലോക്ക് എട്ടു രൂപക്ക് വിൽക്കേണ്ടി വന്നു. പുഴുങ്ങി വാട്ടകപ്പയാക്കി വിൽക്കാൻ നോക്കിയിട്ടും നഷ്​ടം തന്നെയായിരുന്നു. രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസ് ഉദ്‌ഘാടനത്തിന് എത്തിയ മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷി മന്ത്രിയുടെ അറിവിലേക്കായി കുറിപ്പും പങ്കു വെച്ചിരുന്നു. കപ്പക്ക് 12 രൂപ മിനിമം വില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽക്കണം. സംഘത്തിന് നഷ്​ടം വന്നാൽ അഞ്ചു ലക്ഷം രൂപ വരെ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കും. ഹോർട്ടി കോർപ്പും സംഭരണ രംഗത്തുണ്ട്. അവരുടെ നഷ്​ടം സർക്കാർ നികത്തും. ചേലക്കരയിൽ എന്ത് സംഭവിച്ചുവെന്നത് കൃഷി മന്ത്രി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തോമസ് ഐസക്കിന്റെ കുറിപ്പ്. എന്നാൽ ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. നഷ്ടം ഉണ്ടായെങ്കിലും കൃഷിയിൽ നിന്നും പിന്മാറാൻ രാധാകൃഷ്ണനും സുഹൃത്തുക്കളും തയ്യാറല്ല. വീണ്ടും കൃഷിയിറക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി നാട്ടിൽ എത്തിയ സമയത്താണ് പുതുമഴ പെയ്തത്. ഉടൻ തന്നെ എല്ലാവരും കൂടി കൃഷിയിറക്കുന്നത് തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ രാധാകൃഷ്ണനും സുഹൃത്തുക്കളും കൃഷിയിടത്തിലെത്തി നിലമൊരുക്കൽ പ്രവൃത്തികളിലേക്ക് കടന്നു. മന്ത്രി തന്നെയാണ്  ‘പുതുമഴയിൽ മണ്ണ് നനഞ്ഞു….
ഇനി കൃഷിയുടെ നാളുകൾ…
കൂട്ടുകാരോടൊപ്പം ചേലക്കരയിൽ.’ എന്ന് അറിയിച്ച് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഇതിന് സമീപത്തു തന്നെയാണ് കെ. രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫിസും.

Advertisement
Advertisement