മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു, മന്ത്രി പി രാജീവ് വീട് സന്ദർശിച്ചു

10

മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞത്. നോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.