കരുവന്നൂർ ബാങ്ക് കോൺഗ്രസ് സമരത്തിനെതിരെ പരസ്യ വിമർശനവുമായി ഡി.സി.സി വൈസ് പ്രസിഡന്റ്: നടക്കുന്നത്, സമര നാടകം, ബി.ജെ.പിക്ക് സൗകര്യമൊരുക്കി കൊടുക്കുകയാണെന്നും എം.എസ് അനിൽകുമാർ

29

കരുവന്നൂർ ബാങ്കിനു മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരം പ്രഹസനവും തട്ടിപ്പുമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എം എസ് അനിൽകുമാർ. ആകെ 310 കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപമുള്ളത്. ആയിരം കോടി രൂപയെന്നാണ് സമരക്കാർ തെറ്റായ സന്ദേശം നൽകുന്നത്. സമൂഹത്തിലാകെആശങ്ക ഉണ്ടാക്കാനേ കോൺഗ്രസിന് സാധിച്ചിട്ടുള്ളൂവെന്നും അനിൽകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തു നിന്ന് വരുന്ന നേതാക്കൾക്ക് കമ്പമാണ്. നാട്ടിലെ രാഷ്ട്രീയ പ്രവർത്തകർക്ക് യാഥാർഥ്യമാണ് ഉണ്ടാകേണ്ടത്. പ്രതിപക്ഷനേതാവ് വി ഡി സതീശനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. കരുവന്നൂരിൽ നിക്ഷേപകരും വായ്പയെടുത്തവരും സമരത്തിനില്ല. പൊതുജനങ്ങളുടെ താൽപര്യമല്ല കോൺഗ്രസ് സംരക്ഷിക്കുന്നത്. ഏതെങ്കിലും നിക്ഷേപകന് നിക്ഷേപം തിരികെ കൊടുക്കാൻ ഈ സമരക്കാർക്ക് കഴിയുമോയെന്നും അനിൽകുമാർ ചോദിച്ചു. ഈ സമരം പ്രഹസനം അല്ലേ,തട്ടിപ്പല്ലേ. കോൺഗ്രസ് കരുവന്നൂരിൽ സമരം നടത്തേണ്ടതില്ല എന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ല, താൻ ആരേയും പേടിക്കുന്നില്ല.

കരുവന്നൂരിൽസമരം നയിക്കുന്ന ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖമായി കാണരുത്. ഒരു മണിക്കൂർ പ്രസംഗം മാത്രമാണ് അവിടെ നടക്കുന്നത്. ഉദ്ഘാടനം നടത്തുന്നതിനെക്കുറിച്ച് തർക്കവും പതിവാണ്. കരുവന്നൂർ ബാങ്കിൽനിന്ന് വായ്പയെടുത്ത കോൺഗ്രസ് നേതാവ് മുകുന്ദന്റെ മരണ കാരണം മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തീക പ്രതിസന്ധിയാണെന്നും അനിൽകുമാർ പറഞ്ഞു. പുസ്തക പ്രകാശനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിനെത്തിയപ്പോഴാണ് അനിൽകുമാർ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.