ഹരിതയെ തള്ളി വനിതാ ലീഗ്: ഹരിത ലീഗിന്റെ പോഷക സംഘടനയല്ലെന്ന് നൂർബീന റഷീദ്

20

എം.എസ്.എഫ് വിവാദത്തില്‍ പരാതിക്കാരായ ഹരിത പ്രവര്‍ത്തകരെ തള്ളി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഹരിത മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നും താത്കാലികമായി ഉണ്ടാക്കിയ സംഘടനയാണെന്നും നൂര്‍ബിന പറഞ്ഞു.

ഒരു തീരുമാനമെടുക്കുമ്പോള്‍ വിശദമായി വിശകലനം ചെയ്യുന്ന ഒരു നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളതെന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ അംഗങ്ങള്‍ക്കും അത് ബാധകമാണ്. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളിലാണ് പറയേണ്ടതെന്നും നൂര്‍ബീന പറഞ്ഞു.

മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരരുതെന്ന് പറഞ്ഞ കാലഘട്ടത്തിലാണ് വനിതാ ലീഗിനെ വളര്‍ത്തി വലുതാക്കി ഈ നിലയിലെത്തിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളിലും പൊതുസമൂഹത്തിലും പുരുഷമേധാവിത്വമുണ്ട്. ഹരിതാ പ്രവര്‍ത്തകരുടെ പരാതി വനിതാ ലീഗിന്റെ മുന്നില്‍ ഇതുവരെ എത്തിയിട്ടില്ല. ഒരു യോഗത്തില്‍ സ്ത്രീ അധിക്ഷേപം നേരിട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ പ്രതികരിച്ചിരിക്കണം. അതിന് കൂടിയാലോചിച്ച് എന്താണ് വേണ്ടതെന്ന് ചിന്തിച്ചിരിക്കേണ്ടതില്ല. എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് മുന്നില്‍ ഈ പരാതി എത്തിക്കാന്‍ വൈകിയത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത് മുതിര്‍ന്ന വനിതാ അംഗങ്ങളോടെങ്കിലും പങ്കുവെക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരു മാറ്റവും എവിടേയും വരുത്താന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം ലീഗിന് ഈ പരാതി ലഭിച്ചപ്പോള്‍ അത് അന്വേഷിക്കാന്‍ ഒരു ഉപസമിതിയെ വെച്ചു.  ഈ സമിതി പരാതിക്കാരേയും ആരോപണവിധേയരേയും ഇരുത്തി സംസാരിച്ചതാണ്. 

പരാതി ഉണ്ടെങ്കില്‍ വനിതാ ലീഗിനെ അറിയിക്കേണ്ടതായിരുന്നു. ഞങ്ങളും പാര്‍ട്ടിയുടെ പല സ്ഥാനങ്ങളിലും ഇരിക്കുന്നവരാണ്. ഹരിതയെന്നത് മുസ്ലിംലീഗിന്റെ പോഷക സംഘടനയല്ല. വനിതാ ലീഗിന്റേയും പോഷക സംഘടനയല്ല. താത്കാലികമായി എംഎസ്എഫ് ആ കാലഘട്ടത്തില്‍ ഉണ്ടാക്കിയതാണ്. അത് ക്യാമ്പസിനുള്ളില്‍ മതി.