നിയമസഭാ നടപടികളെ അട്ടിമറിക്കാനും സ്പീക്കറെ പരിഹാസ പാത്രമാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുടുംബ അജണ്ടയാണ് നടക്കുന്നതെന്ന് വി.ഡി സതീശൻ; സതീശന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുഹമ്മദ് റിയാസ്

14

നിയമസഭാ നടപടിക്രമങ്ങളെ അട്ടിമറിക്കാനും സ്പീക്കറെ പരിഹാസ പാത്രമായി മാറ്റാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി കൊടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്പീക്കറെ നിര്‍ബന്ധിക്കുകയാണ്. മരുമകന്‍ എത്ര വലിയ പിആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ല എന്ന ആധിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് ആക്ഷേപിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന് എന്ത് അധികാരമാണുള്ളതെന്നും സതീശന്‍ ചോദിച്ചു. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും മനപൂര്‍വം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് സഭയില്‍ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതെ സമയം,

Advertisement

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി. സതീശനും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായി നില്‍ക്കുകയാണെങ്കിലും അതിലെ എം.എല്‍.എമാരെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് റിയാസ് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി അദ്ദേഹത്തിന് കൃത്യമായ അന്തര്‍ധാരയുണ്ട്. പാചകവാതക വില വര്‍ധിച്ചപ്പോഴും കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ച സാഹചര്യത്തിലും അദ്ദേഹം നിശബ്ദനായിരുന്നു. മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സംസാരിക്കാന്‍ അദ്ദേഹം അനുവദിച്ചില്ലെന്നും റിയാസ് വ്യക്തമാക്കി.
മന്ത്രിമാരെ നിരന്തരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും റിയാസ് പറഞ്ഞു. വികസനകാര്യങ്ങളില്‍ ഒരു പക്ഷവും നോക്കാറില്ല. മറിച്ച് പ്രസ്ഥാനത്തിനെതിരെ ആക്ഷേപമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിമാര്‍ക്കുണ്ട്. തങ്ങളാരും സ്വതന്ത്രരായി മന്ത്രിമാരായവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്യാഗങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അത് പ്രതിപക്ഷ നേതാവിന് മനസ്സിലാവില്ല. അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു 30 മിനിറ്റ് പോലും ജയില്‍വാസം അനുഭവിച്ചിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി. ബി.ജെ.പി. ആഗ്രഹിക്കുന്നപോലെ കേരള നിയമസഭയെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ നട്ടെല്ല് ആര്‍.എസ്.എസ്. രാഷ്ട്രീയത്തിന് പണയംവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Advertisement