മുഖ്യമന്ത്രി പറഞ്ഞ ‘ബോംബി’ന്റെ സൂചന നൽകി മുല്ലപ്പള്ളി: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തേക്കും മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കാമെന്നും മുല്ലപ്പള്ളി; പിണറായി ഭീരുവെന്ന് പരിഹാസം

7

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ബോംബ് പൊട്ടുന്നത് സി.പി.എമ്മിന് ഉളളില്‍ തന്നെയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുക എന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടുമെന്ന് അദ്ദേഹം മുന്‍കൂറായി പറഞ്ഞത്. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് പാര്‍ട്ടിയിലാണ്. പിണറായി വിജയന്റെ പിറകില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജന്‍. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസ്സിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്.’ – മുല്ലപ്പള്ളി പറഞ്ഞു. 

 മുഖം രക്ഷിക്കാനെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണം. ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണ്. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയെ വര്‍ഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്‍.ഏജന്‍സി ആണെന്നും 120 കോടി രൂപയാണ് അതിനായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.