കർണാടകയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: അന്വേഷണം കേരളത്തിൽ, പ്രതികൾ മലയാളികളെന്ന് സൂചന

38

സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗ്ലൂരു എസ്പി വ്യക്തമാക്കി. വിവരം കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കർണാടക സർക്കാരിന്റെ ഇന്നത്തെ വാർഷികാഘോഷ ചടങ്ങുകൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. സുള്ള്യയിൽ യുവമോർച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷൻ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 15 പേർ ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. 

Advertisement
Advertisement