നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടക്കുന്നത് ആശങ്കയുണ്ടാക്കുന്നു എൻ.എസ്.എസ്: ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ലെന്ന് സുകുമാരൻ നായർ

17

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എന്‍.എസ്.എസ്. സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണെന്ന് എന്‍.എസ്.എസ്. പറഞ്ഞു. 

മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്കുന്നത് ശരിയുമല്ല. 

ഇത്തരം നടപടികള്‍ക്ക് വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായസംഘടനകളും ആവശ്യമായ മുന്‍കരുതലുകളും പ്രചരണങ്ങളും നടത്തേണ്ടതുണ്ട്. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമതഭേദമെന്യെ കൂട്ടായി പരിശ്രമിക്കുകയും വേണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.