അച്ഛന്റെ അനുഗ്രഹവും ചേട്ടന്റെ ഉപദേശവും: പത്മജയെ ഹൃദയത്തിൽ ചേർത്ത് പൂരനഗരി; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

14

അച്ഛനെ മനസിലോർത്തിരിക്കുമ്പോഴായിരുന്നു സഹോദരൻ മുരളിയുടെ വരവ്. അപ്രതീക്ഷിതമെങ്കിലും അതൊക്കെ ശുഭ സൂചനകളാണ്… ഒന്നിച്ചാണ് അച്ഛന്റെ സ്‌മൃതിയിൽ പുഷ്പാർച്ചന നടത്തിയത്. നേമത്തേക്കുള്ള യാത്രയിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ അനുഗ്രഹം തേടി അച്ഛന്റെ സ്മൃതികുടീരത്തിനു മുന്നിലെത്തിയത്.
തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും സഹോദരിയുമായ പത്മജ വേണുഗോപാലിനെപ്പോലുമറിയിക്കാതെ അപ്രതീക്ഷിതമായിരുന്നു മുരളിയുടെ സന്ദർശനം. ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപായിരുന്നു മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതികുടീരത്തിൽ ഇരുസ്ഥാനാർഥികളും സംഗമിച്ചത്.

ഉച്ചയ്ക്കു പ്രവർത്തകരെ കാണുന്നതിനായി ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപ് അച്ഛനെ സ്മരിക്കുകയായിരുന്നു. അപ്പോഴാണ് എംപിയുടെ ബോർഡ് പതിച്ച കാറിൽ കോഴിക്കോടു നിന്ന് മുരളീധരൻ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തിയതെന്നു പത്മജ പറഞ്ഞു. അവിടത്തെ സ്മൃതികുടീരത്തിൽ നമസ്കരിച്ചശേഷം മുരളി പത്മജയോട് ‘വർക്ക് തുടങ്ങിയില്ലേ?’ എന്നു ചോദിച്ചു. തുടങ്ങിയെന്നു മറുപടി പറഞ്ഞപ്പോൾ ‘ നന്നായി വർക്ക് ചെയ്യണം, ജയിക്കണം’ എന്നുപദേശിച്ചു. അധികം വൈകാതെ നെടുമ്പാശേരിയിലേക്കു മടങ്ങുകയും ചെയ്തു.അച്ഛന്റെ അനുഗ്രഹവും സഹോദരന്റെ ഉപദേശവും നൽകിയ പുതിയ കരുത്തുമായിട്ടാണ് പത്മജ കാലത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട തൃശൂർ ഇത്തവണ കോൺഗ്രസിനൊപ്പമാവുമെന്ന കാര്യത്തിൽ സംശയത്തിന് ഇട നൽകാത്ത ഉറപ്പ്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ അയ്യന്തോളിൽ ഒരു നിർധന കുടുംബത്തിനുള്ള വീട് നിർമാണത്തിന് തുടക്കമിട്ടാണ് പത്മജ പ്രചരണം തുടങ്ങിയത്. പരാജയപ്പെട്ടിട്ടും തൃശൂരിന്റെ മനസ്സറിഞ്ഞ് ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ വോട്ടർമാരെ തേടിയെത്തുമ്പോൾ ആ സ്നേഹം കാണാം. അത് തന്നെയാണ് ആത്‍മവിശ്വാസത്തിന് കാരണവും. ഇന്ന് രാവിലെ കളക്ട്രേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും.അതിനു ശേഷം തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശൂർ എം.ജി റോഡിൽ ശ്രീ ശങ്കര ഹാളിൽ രാവിലെ 11.30ന് നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻപില്ലാത്ത വിധം യു.ഡി.എഫ് പ്രവർത്തകരും ആവേശത്തിലാണ്.