പാലക്കാട് നഗരസഭയിൽ ബി.ജെ.പി കൗൺസിലറുടെ വോട്ട് സി.പി.എമ്മിന്: വോട്ട് അസാധുവെന്ന് വരണാധികാരി

84

പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൗണ്‍സിലറുടെ വോട്ട് സി.പി.എമ്മിന്. പ്രതിഷേധങ്ങൾക്കിടയിൽ വോട്ട് അസാധുവായെന്ന് വരണാധികാരി അറിയിച്ചു.

ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുക്കുകയായിരുന്നു.

ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. എന്നാല്‍ ഇത് വലിയ ബഹളത്തിനിടയാക്കി. യുഡിഎഫും എല്‍ഡിഎഫും എതിര്‍പ്പുമായി രംഗത്തു വന്നു.

ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബിജെപിയും ആവര്‍ത്തിച്ചു.  എന്നാല്‍ ബാലറ്റ് തിരിച്ചെടുത്തത് അംഗീകരിക്കാന്‍ പറ്റില്ല എന്ന് യുഡിഎഫും എല്‍ഡിഎഫും നിലപാട് കടുപ്പിച്ചു. ബാലറ്റ് തിരിച്ച് നല്‍കിയില്ലെങ്കില്‍ നടപടി നേരിടുമെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.