പാലിയേക്കര ടോൾ നിറുത്തലാക്കൽ: ചോദ്യവുമായി കോൺഗ്രസ്; കർണാടകക്ക് ആകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിനായിക്കൂടെന്ന് ജോസഫ് ടാജറ്റ്

18

ദേശീയ പാതയിൽ അറുപത് കിലൊ മീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ പത്തൊമ്പത് ടോൾ ബൂത്തുകൾ നിർത്തലാക്കേണ്ട കർണാടകക്ക് ഈ ആവശ്യം ഉന്നയിക്കാമെങ്കിൽ കേവലം പാലിയേക്കര ടോൾ പ്ലാസ നിർത്തലാക്കാൻ എന്തുകൊണ്ട് കേരളം ആവശ്യപ്പെടുന്നില്ലായെന്നത് വ്യക്തമാക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. 2008 ലെ നാഷണൽ ഹൈവേയ്സ് ഫീ റൂൾസ് അമെൻഡ്മെന്റ് പ്രകാരം അറുപത് കിലോ മീറ്ററിനുള്ളിൽ ഒരു  ദിശയിൽ ഒന്നിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കാൻ പാടില്ലായെന്നുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇത്തരത്തിലുള്ള പ്ലാസകൾ നിർത്തുമെന്നും എം.പി മാർ പാലിയേക്കരയെ കുറിച്ച് ചോദിച്ചപ്പോൾ ഈ കാര്യം പരിഗണിക്കാമെന്ന് സഭയിൽ പ്രഖ്യാപിച്ചതും. ഏക തടസമായി ചൂണ്ടിക്കാണിച്ചത് നഷ്ടപരിഹാരം നല്കണമെന്നുള്ളതാണ്. ഇതും പരിഗണിക്കാമെന്നതും മന്ത്രി വ്യക്തമാക്കിയതാണ്. ഈ കാര്യം കാണിച്ച് നിരവധി തവണ സംസ്ഥാന സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. 19 പ്ലാസകൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരുന്ന  പ്ലാസകളുള്ള കർണാടക സർക്കാർ ഈ ആവശ്യം ഉന്നയിക്കുമ്പോൾ ഒരു പ്ലാസമാത്രമുള്ള കേരളം ഈ ആവശ്യം ഉന്നയിക്കാത്തത് ദുരൂഹമാണ്. ഇത്തരത്തിൽ നിയമുണ്ടെന്ന് തങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയായി ലഭിച്ച രേഖ വ്യക്തമാക്കുന്നു. മാത്രമല്ല പ്രത്യേക സാഹചര്യത്തിൽ അതോറിറ്റിയുടെ അനുമതിപ്രകാരം വേണമെങ്കിൽ ആകാം എന്നതിനെ സംബന്ധിച്ച് നിലവിലുള്ള പ്ലാസ പ്രത്യേകമായി പുതിയ വലിയ പാലങ്ങൾ, ടണലുകൾ , ബൈപാസുകൾ എന്നിവക്കായി മാത്രം ഉള്ളതാണെങ്കിൽ അറുപത് കിലോ മീറ്ററിനുള്ളിൽ മറ്റൊന്ന്‌ ആകാമെന്ന് നിയമത്തിലെ വകുപ്പിലെ അനുബന്ധ വ്യവസ്ഥകൾ വ്യക്തമാക്കുന്നുവെന്ന് രേഖ സാക്ഷിപ്പെത്തുന്നു. ഈ വ്യവസ്ഥയെ തെറ്റായാണ് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ വ്യാഖ്യാനിക്കുന്നത്. പന്നിയങ്കര ടോൾ പ്ലാസ ടണലിന് മാത്രമുള്ള പ്ലാസയല്ല, മറിച്ച് ടണലിനോടൊപ്പം റോഡ് ഗതാഗതത്തിന്റെ ഫീ യും കൂടി നൂറ് രൂപയാണ് ഈടാക്കുന്നത് , അതുകൊണ്ട് തന്നെ അറുപത് കിലോമീറ്ററിനുള്ളിൽ ഇനി ഒരു ടോൾ പ്ലാസ പാടില്ല എന്ന വ്യവസ്ഥ പാലിയേക്കരക്ക് ബാധകമാകുന്നു , അതുപോലെതന്നെ ഈ രണ്ട് ടോൾ പ്ലാസകളും എൻ.എച്ച് 544 ൽ തന്നെയായതുകൊണ്ട് ഈ നിബന്ധന പാലിയേക്കരക്ക് അനുകൂലമാണ് . ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒറ്റകെട്ടായി ഈ ആവശ്യം ഉന്നയിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. നിരന്തരമായി കരാർ ലംഘനം നടത്തുന്നതുകൊണ്ടും , കരാർ തുകയിൽ അധികം പിരിച്ചെടുത്തതുകൊണ്ടും നിരത്തലാക്കണമെന്നുള്ള ആവശ്യം ന്യായവുമാണ്. കേന്ദ്ര മന്ത്രി പരസ്യമായി സഭയിൽ പ്രഖ്യാപിച്ചതിനാലും കർണാടക സർക്കാർ അവശ്യം അവിടെ ഉന്നയിക്കുന്നതിനാലും അടിയന്തിരമായി സംസ്ഥാന സർക്കാർ പാലിയേക്കര ടോൾ നിർത്തലാക്കാൻ ആവശ്യപ്പെടണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് കത്ത് മുഖാന്തിരം ആവശ്യപ്പെട്ടുവെന്ന് അഡ്വ ജോസഫ് ടാജറ്റ് വ്യക്തമാക്കി.

Advertisement
Advertisement