
38 വോട്ടുകൾക്കാണ് മുസ്ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി 31ന് വീണ്ടും പരിഗണിക്കും. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ സാക്ഷികളുടെ തെളി വെടുപ്പ് നടത്തുന്ന സാഹചര്യത്തിലാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി മാറ്റിയത്. കേസിലെ മൂന്നാം സാക്ഷിയുടെ തെളിവെടുപ്പ് നടക്കുകയാണന്നു കക്ഷികൾ അറിയിച്ചു.
എതിർ സ്ഥാനാർഥിയായ സിപിഎം സ്വതന്ത്രൻ കെ.പി.മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണു കോടതി പരിഗണിക്കുന്നത്. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണാതെ മാറ്റിവച്ചെന്നും ഇതിൽ മുന്നൂറോളം വോട്ടുകൾ തനിക്കു ലഭിച്ചതാണന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. തിരഞ്ഞെടുപ്പു രേഖകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്നു കാണാതെ പോയതു വിവാദമായിരുന്നു. പിന്നീട് മലപ്പുറത്തെ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്നാണു രേഖകൾ കണ്ടെടുത്തത്.