ബി.ജെ.പി-സി.പി.എം ഡീല്‍: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍.ബാലശങ്കറിന്റെ ആരോപണം തള്ളി ആര്‍.എസ്.എസ്; സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ബി.ജെ.പിയെന്ന് ഗോപാലൻകുട്ടി മാസ്റ്റർ

5

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.എം ഡീല്‍ ഉണ്ടെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍.ബാലശങ്കറിന്റെ ആരോപണം തള്ളി ആര്‍.എസ്.എസ് നേതൃത്വം. ബാലശങ്കറിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പി നേതൃത്വമാണ്. അവര്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ പട്ടികയില്‍ പേരുണ്ടാകും. പിന്നീട് ഇവിടെ വന്ന് പ്രതികരിക്കുന്നതില്‍ അര്‍ഥമില്ല. ബാലശങ്കര്‍ പറഞ്ഞപ്പോഴാണ്‌ ഇക്കാര്യം അറിയുന്നതെന്നും കൂടുതല്‍ പ്രതികരണം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി നിശ്ചയിക്കുന്ന സ്ഥാനാര്‍ഥി തന്നെയാണ് ആര്‍എസ്എസിന്റേതും. ബാലശങ്കര്‍ പറഞ്ഞത് ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ബാലശങ്കര്‍ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്ന കാര്യം സംഘത്തെ അറിയിച്ചിരുന്നില്ല, സ്ഥാനാര്‍ഥികളെ ബിജെപി ആണ് നിശ്ചയിക്കുന്നത്. അതാണ് നമ്മുടെ സ്ഥാനാര്‍ഥി. ഇത്തരം ചര്‍ച്ചകളൊന്നും എവിടേയും നടന്നിട്ടില്ല. ബി.ജെ.പി ആണ് മത്സരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബാലശങ്കറിന്റെ ഓര്‍ഗനൈസര്‍ പാരമ്പര്യത്തേയും ഗോപാലന്‍കുട്ടി മാസ്റ്റര്‍ തള്ളി. ബാലശങ്കര്‍ കുറച്ച് കാലം ഓര്‍ഗനൈസറില്‍ ഉണ്ടായിരുന്നു എന്നുമാത്രമേ ഉള്ളുവെന്നും ആര്‍എസ്എസ് അല്ലാത്ത ആളുകളും ഓര്‍ഗനൈസര്‍ പത്രാധിപരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.