പാർട്ടി ആസ്ഥാനത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്: തെരഞ്ഞെടുപ്പ് കമ്മീഷന് ടി.എൻ പ്രതാപൻ എം.പി പരാതി നൽകി

21

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ഔദ്യോഗിക പദവി രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് ടി.എൻ.പ്രതാപൻ എം.പി കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പരാതി നൽകി.

ചൊവ്വാഴ്ച വൈകീട്ട് കോവിഡ് സംബന്ധിച്ചും, വാക്സിനേഷനെ സംബന്ധിച്ചും ഔദ്യോഗിക അറിയിപ്പുകൾ നൽകാൻ വിളിച്ച പത്ര സമ്മേളനം തെരഞ്ഞെടുപ്പ് പ്രചരണത്തിനും വാഗ്ദാനങ്ങൾ നൽകുന്നതിനുമുള്ള വേദിയാക്കുകയും, മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ സി.പി.എമ്മിന്റെ പാർട്ടി ഓഫീസിൽ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റികയുടെ മുന്നിൽ പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ടി.എൻ.പ്രതാപൻ എം.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

വൃദ്ധസദനങ്ങളിലെയും കെയർ ഹോമുകളിലെയും അന്തേവാസികൾക്ക് അവർ താമസിക്കുന്നിടത്ത് വാക്സിനേഷൻ സൗകര്യമൊരുക്കുമെന്നും ചൂട് കൂടുതലുള്ള കാലാവസ്ഥയിൽ പതിനൊന്ന് മണി മുതൽ 3 മണി വരെ തൊഴിലാളികളെക്കൊണ്ട് തൊഴിലുടമകൾ ജോലി ചെയ്യിപ്പിക്കരുതെന്നും അഭ്യസ്തവിദ്യരായ യുവാക്കൾക്കും സ്ത്രീകൾക്കും നാട്ടിൽ തിരികെയെത്തിയ പ്രവാസികൾക്കും കെ.ഡെസ്കിന്റെ വെബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ ജോലി ലഭിക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളുമാണ് പാർട്ടി ചിഹ്നത്തിനു മുന്നിൽ പാർട്ടി ഓഫീസിലിരുന്ന് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും കണ്ണൂർ ജില്ലയിലെ ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്ന നിലയിലും പിണറായി വിജയൻ ചെയ്തത് അങ്ങേയറ്റത്തെ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ടി.എൻ.പ്രതാപൻ എം.പി. കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്നലെ കേരളത്തിൽ 2757 കോവിഡ് രോഗികൾ ചികിത്സയിലുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ 31 % കുറവുണ്ടായെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണെന്നും ഇന്നലെ വരെ കേരളത്തിൽ 14 ലക്ഷത്തിലേറെ പേർ വാക്സിനേഷൻ ചെയ്തെന്നുമടക്കമുള്ള കോവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തിയത് സി.പി.എം ഓഫീസിൽ പാർട്ടി തെരഞ്ഞെടുപ്പ് ചിഹ്നത്തിന് കീഴിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് സ്ഥാനാർത്ഥിയെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും പിണറായി വിജയൻ നടത്തിയതെന്ന് ടി.എൻ.പ്രതാപൻ എംപി ചൂണ്ടിക്കാട്ടുകയും മുഖ്യമന്ത്രിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.