നയം വ്യക്തമാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാർ: ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും, ക്ഷേമ വികസന പദ്ധതികൾ നിലനിർത്തും, സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകും, താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം, കെ ഫോൺ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും, 6.6 ശതമാനം സാമ്പത്തീക വളർച്ച ലക്ഷ്യമിടുന്നുവെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ; കടമെടുപ്പിലും സഹകരണ വിഷയത്തിലും കേന്ദ്രത്തിന് വിമർശനം

19

വികസന ജനക്ഷേമ പരിപാടികൾ തുടരുമെന്നും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാക്കിയും രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ കടമെടുപ്പ് വിഷയത്തിലും സഹകരണ നയങ്ങളിലും കേന്ദ്രസർക്കാരിനെതിരെ വിമർശനവും ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ വ്യക്തമാക്കി. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും. കോവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കോവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കോവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടമാണ്. കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്നത് നിർണ്ണായക പങ്കാണ്. 6.6 ശതമാനം സാമ്പത്തിക വളർച്ച ആണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാൻ ഉള്ള ശ്രമങ്ങൾക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഗതി മാറ്റുമെന്നും ​ഗവർണർ‌ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് കാർഷിക ഉത്പാദനം 50 ശതമാനം വർധിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കും. കേരള ബാങ്ക് ആധുനികവൽക്കരണം വേഗത്തിൽ ആക്കും. എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരിൽ സാംസ്ക്കാരിക സമുച്ഛയങ്ങൾ ഉണ്ടാക്കും. കൂടുതൽ പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും. സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺ ലൈൻ വഴി ലഭ്യമാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി തുടങ്ങും. 6592745 പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി. 219936 ആളുകൾക്കു രണ്ടു ഡോസ് വാക്സിൻ നൽകി. മദ്രസ അധ്യാപകർക്കു കൊവിഡ് സമാശ്വാസമായി രണ്ടായിരം രൂപ അനുവദിക്കും. 12500 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഭൂരഹിതർക്കെല്ലാം ഈ സർക്കാരിൻ്റെ കാലത്ത് പട്ടയം നൽകുമെന്നും ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. പ്രധാന ഭാഗങ്ങൾ മാത്രം വായിച്ച് നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഗവർണർ മേശപ്പുറത്തു വെക്കുകയായിരുന്നു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂർണ്ണ രൂപം

http://www.niyamasabha.org/codes/15kla/Session_1/Governor’s%20Speech%20Malayalam%20A5.pdf