വികസനം ചർച്ച ചെയ്യാതിരിക്കാൻ യു.ഡി.എഫിന്റെ ശ്രമമെന്ന് വിമർശനം: നാല് ലക്ഷം പേരെ കള്ള വോട്ടർമാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിച്ചുവെന്ന് മുഖ്യമന്ത്രി

9

വികസനം ചര്‍ച്ചചെയ്യാനല്ല, പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് പറയുന്നത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പടണമെന്നും അപാകതകള്‍ കണ്ടെത്തി തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പ്രതിപക്ഷ നേതാവ് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘ഒരേ പേരുള്ളവര്‍, സമാനപേരുള്ളവര്‍ ഇരട്ടകള്‍ എല്ലാം കള്ളവോട്ടായി കാണുകയാണ്. ഒരു യുവതി വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ സ്ഥലത്തെത്തിയാല്‍ ആദ്യത്തെ റജിസറ്ററില്‍ പേര് കണ്ടേക്കാം. എന്ന് കരുതി അവര്‍ വ്യാജവോട്ടറാവില്ല. രണ്ട് സ്ഥലത്ത് വോട്ട് ചെയ്യാന്‍ പാടില്ല. അതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല ചെയ്തത്’, മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ തന്നെ ഇരട്ട വോട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ദേശീയ തലത്തില്‍ തന്നെ വലിയ അപവാദ പ്രചാരണമാണ് നടക്കുന്നത്. 20 ലക്ഷം ബംഗ്ലാദേശികള്‍ കേരളത്തിലെ വോട്ടര്‍പ്പട്ടികയില്‍ ഇടംനേടി എന്ന് ആക്ഷേപിക്കുകയാണ്. അത്തരത്തില്‍ കേരളത്തെ ലോകത്തിനു മുമ്പില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കിയതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

നൈതികതയെയും സ്വകാര്യതാ ലംഘനവും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ നിയമവിധേയമാണോ എന്നതില്‍ ഗൗരവമായ സംശയം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോവിഡ് രോഗബാധയുടെ കൃത്യമായ കണക്ക് വിശകലനം ചെയ്ത് പ്രതിരോധം ശക്തമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ ഡാറ്റ കച്ചവടം എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.അന്ന് ഡാറ്റ കച്ചവടം എന്ന വിളിച്ചവര്‍ ശരിയായി ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയാണ് ഇരട്ട വോട്ട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തയതിലൂടെ ചെയ്തത്. രേഖകള്‍ പ്രസിദ്ദീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല . കേരളത്തെ വ്യാജവോട്ടര്‍മാരുടെ നാടായി ചിത്രീകരിച്ചിരിക്കുകയാണ്. പരാജയ ഭീതിയുണ്ടാകുമ്പോള്‍ ഇങ്ങനെയൊക്കെ ചിത്രീകരിക്കാമോ. രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്ന ഇടമാണ് കേരളം അതിനെയാണ് പ്രതിപക്ഷ നേതാവ് അപകീര്‍ത്തിപ്പെടുത്തിയത്’-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.