രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി: കേരളത്തിലെ സർക്കാരിന് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ അല്ല, കോർപറേറ്റ് മാനിഫെസ്റ്റോ ആണെന്ന് പ്രിയങ്ക, മുഖ്യമന്ത്രിക്കിഷ്ടം വിദേശത്തെ സ്വർണത്തിനോടെന്നും പ്രിയങ്ക

26

കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന മോദിയുടെ അതേ നിലപാടാണ് കേരള സര്‍ക്കാരിനെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്റേയും സമാധനത്തിന്റേയും നാടാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം എന്ന് പറയുന്നത് ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി വിദേശത്തുള്ള സ്വര്‍ണത്തിലാണ് ശ്രദ്ധ കാണിക്കുന്നത്. ആഴക്കടല്‍ തീറെഴുതി കൊടുക്കുന്നതിലാണ് അദ്ദേഹത്തിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധ.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലല്ല കേരളത്തിലെ സര്‍ക്കാരിന്റെ വിധേയത്വം കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോടാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എങ്ങനെയാണോ രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്നത് അതേ നിലപാടാണ് കേരളത്തിലെ സര്‍ക്കാരിനും. 

മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് സിപിഎമ്മിന്റെ അക്രമത്തിന്റേയും അഴിമതിയുടേയും രാഷ്ട്രീയം. രണ്ടാമത്തേത് രാജ്യത്ത് മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത്  കേരളത്തിന്റെ ഭാവിയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്.

വലിയ വാദ്ധാനങ്ങളും ജനാധിപത്യബദലാണെന്നും പറഞ്ഞാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍ നിങ്ങള്‍ ഭയം നിറയ്ക്കുന്നത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രയിങ്ക ഗാന്ധി പറഞ്ഞു.

യുഡിഎഫ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് കായംകുളത്ത് റോഡ് ഷോ നടത്തിയ പ്രിയങ്ക ഗാന്ധി, ശേഷം യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടും സന്ദര്‍ശിച്ചു.